അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണെന്നു യു എ ഇ പബ്ലിക് പ്രോസിക്യൂഷന്. നിയമലംഘകര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ചില കേസുകളില്‍ കുറഞ്ഞത് ആറ് മാസത്തെ തടവ് ശിക്ഷയും ലഭിക്കാം.
മറ്റുള്ളവരുടെ സമ്മതമില്ലാതെ ഫൊട്ടോ എടുക്കുന്നതും പകര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും സൂക്ഷിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കും.
സംഭാഷണം, ആശയവിനിമയം, ഓഡിയോ, വിഷ്വല്‍ മെറ്റീരിയലുകള്‍ എന്നിവയില്‍ ഒളിഞ്ഞുനോക്കല്‍, ഇടപെടല്‍ അല്ലെങ്കില്‍ റെക്കോര്‍ഡിങ്, കൈമാറ്റം, പ്രക്ഷേപണം അല്ലെങ്കില്‍ വെളിപ്പെടുത്തല്‍ എന്നിവയും സൈബര്‍ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള 2012-ലെ ഫെഡറല്‍ ഡിക്രി നിയമത്തിലെ നമ്പര്‍ അഞ്ചിന്റെ 21-ാം അനുച്ഛേദം അനുസരിച്ച് സ്വകാര്യതാ ലംഘനമാണ്.
യഥാര്‍ത്ഥമാണെങ്കില്‍ പോലും വ്യക്തികള്‍ക്കു ദോഷം വരുത്തുന്ന വാര്‍ത്തകള്‍, ഫൊട്ടോകള്‍, ദൃശ്യങ്ങള്‍, അഭിപ്രായങ്ങള്‍, വിവരങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ പാടില്ല. മുറിവേറ്റവരുടെയോ മരിച്ചവരുടെയോ അപകടങ്ങള്‍ക്കോ ദുരന്തങ്ങള്‍ക്കോ ഇരയായവരുടെയോ ഫൊട്ടോ എടുക്കനോ ബന്ധപ്പെട്ടയാളുടെ സമ്മതപത്രം കൂടാതെ കൈമാറ്റം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല.
വ്യക്തികളുടെ അല്ലെങ്കില്‍ അവരുടെ കുടുംബ ജീവിതത്തിന്റെ സ്വകാര്യത ലംഘിക്കാന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കോ മറ്റേതെങ്കിലും സാങ്കേതികവിദ്യയോ ഉപയോഗിക്കുന്നവര്‍ക്കു കുറഞ്ഞത് ആറ് മാസത്തെ തടവോ 1.50 ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ചുമത്തും.
മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ കുറ്റപ്പെടുത്തുന്നതിനോ വേണ്ടി റെക്കോര്‍ഡിങ്ങിലോ ചിത്രത്തിലോ ദൃശ്യത്തിലോ എന്തെങ്കിലും മാറ്റം വരുത്തുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത തടവിനും 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ദിര്‍ഹം പിഴയ്ക്കോ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം.
ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കായി നിരീക്ഷിക്കുകയോ പരസ്യമാക്കുകയോ കൈമാറുകയോ സൂക്ഷിക്കുകയോ പാടില്ല.