മനാമ: എല്ലാ ചര്‍ച്ചകളും ദേശീയതയുമായി ബന്ധപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അവിടെ തൊഴിലില്ലായ്മ, പട്ടിണി, കര്‍ഷക ആത്മഹത്യ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു സ്ഥാനമില്ലെന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം എംപി പറഞ്ഞു. ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച മലപ്പുറം പാര്‍ലമെന്റ് പ്രവാസി കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് ഉപസമിതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ എത്തിയതായിരുന്നു മുഹമ്മദ് സലീം എംപി.

യുപി തിരഞ്ഞെടുപ്പോടെ ബിജെപിയുടെ ഹിന്ദുത്വ മുഖം കൂടുതല്‍ വികൃതമായെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം എന്നത് ഒരു പദ്ധതിയായിതന്നെ ബിജെപി ഏറ്റെടുത്തിരിക്കയാണ്. ഹിന്ദുത്വവും ആഗോളവല്‍ക്കരണവും ചേര്‍ന്ന ഒരു പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. യുപിയില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള അജണ്ടയല്ല ഇപ്പോൾ നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്‍പ് യോഗി ആദിത്യനാഥ് ചിത്രത്തില്‍ തന്നെയില്ലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രംഗത്തുവന്നു.

ഓരോ സ്ഥലത്തും തരംപോലെ അജണ്ടകള്‍ ഉയര്‍ത്തുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കേരളം, ഗോവ, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊന്നും പശു ഗോമാതാവ് അല്ല. എന്നാല്‍ വടക്കേ ഇന്ത്യയില്‍ പശു ഗോമാതാവാണ്. പല സ്ഥലത്തും പല സ്വരത്തില്‍ സംസാരിക്കുകയും ശക്തിയാര്‍ജിക്കുമ്പോള്‍ യഥാര്‍ത്ഥ സ്വരം പുറത്തെടുക്കുകയുമാണ് സംഘപരിവാര്‍. മതത്തെ രാഷട്രീയവല്‍ക്കരിക്കുന്ന സംഘപരിവാറിന്റെ ശ്രമം അങ്ങേയറ്റം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇ.അഹമ്മദ് എംപിയോട് കേന്ദ്ര സര്‍ക്കാര്‍ അനാദരവ് കാണിച്ചതു നമുക്കെല്ലാവര്‍ക്കും അറിയാം. മുസ്ലീംലീഗിനോ യുഡിഎഫിനോ ബിജെപി നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ ചെറുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മലപ്പുറം പാര്‍ലന്റെ് ഉപതിരഞ്ഞെടുപ്പില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഇന്നത്തെ ദേശീയ രാഷ്ട്രീയ സാചര്യത്തില്‍ വളരെ അനിവാര്യമാണ്. അംഗ സംഖ്യയില്‍ കുറവാണെങ്കിലും പാര്‍ലമെന്റിലും പുറത്തും സംഘപരിവാറിനെതിരെ പ്രതിരോധം തീര്‍ക്കുന്നത് സിപിഐ(എം) ആണ്. സിപിഐമ്മിനെയും ഇടതുപക്ഷത്തെയുമാണ് സംഘപരിവാര്‍ മുഖ്യ ശത്രുവായി കാണുന്നത്. ഈ സാചര്യത്തില്‍ മലപ്പുറത്തെ ഇടതുപക്ഷ വിജയം ദേശീയ രാഷ്ട്രീയത്തിലും ചലനങ്ങള്‍ ഉണ്ടാക്കുമെന്നും മുഹമ്മദ് സലിം പറഞ്ഞു.

പ്രതിഭ അസ്ഥാനത്തു ചേര്‍ന്ന കൺവന്‍ഷനില്‍ പി.ടി.നാരായണന്‍ അധ്യക്ഷനായി. സി.വി.നാരായണന്‍, ശ്രീജിത്ത്, എ.വി.അശോകന്‍, ഡി.സലിം, കെ.സതീന്ദ്രന്‍, ഗഫൂര്‍, മൊയ്തീന്‍ പൊന്നാനി എന്നിവര്‍ സംസാരിച്ചു.

കടന്നു പോയത് ചൂടന്‍ മാര്‍ച്ച്
മനാമ: കഴിഞ്ഞ മാര്‍ച്ച് മാസം ബഹ്‌റൈനില്‍ താരതമ്യേന ചൂട് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളില്‍ മാര്‍ച്ചിലുണ്ടായതിനേക്കാള്‍ ചൂട് അനുഭവപ്പെട്ടതായി മീറ്ററോളജിക്കല്‍ ഡയറക്റ്ററേറ്റ് അറിയിച്ചു. ശരാശരിയില്‍ അധികമായിരുന്നു മാര്‍ച്ചിലെ താപനില. സാധാരണയായി മാര്‍ച്ചില്‍ അനുഭവപ്പെടാറുള്ള ശരാശരി താപനില 21.0 ഡിഗ്രി സെല്‍ഷ്യസ് ആണെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശരാശരി താപനില 21.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

മാര്‍ച്ചില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനില 24.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എന്നാല്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന താപനില 32.2 ഡിഗ്രി സെല്‍ഷ്യസാണ്. മാര്‍ച്ച് 13നു ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ഈ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തിലെ 11 ദിവസങ്ങളില്‍ മഴ ലഭിച്ചു. ഏതാണ്ട് 40.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 1902 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ മാര്‍ച്ചില്‍ ലഭിച്ച ഏറ്റവും കൂടിയ അളവ് മഴകളില്‍ ഒന്നാണിത്. സാധാരണയായി 14.0 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. ഇതുവരെ മാര്‍ച്ചില്‍ ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന അളവ് മഴ ഉണ്ടായത് 1995ലാണ്-139.2 മില്ലി മീറ്റര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ