scorecardresearch
Latest News

തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകും; ചരിത്ര പ്രഖ്യാപനവുമായി യുഎഇ

പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യുഎഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ

UAE, യുഎഇ, UAE Citizenship, യുഎഇ പൗരത്വം, UAE residency, യുഎഇ റെസിഡൻസി നിയമം, UAE students residency, വിദ്യാർഥികൾ,UAE visa, Indian Express, iemalayalam, ഐഇ മലയാളം

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. രാജ്യത്ത് താമസമാക്കിയ തിരഞ്ഞെടുക്കപ്പെട്ട വിദേശികൾക്ക് പൗരത്വം നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കുമാണ് പൗരത്വം നല്‍കുക.

വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യുഎഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇത് സംബന്ധിച്ച പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.

ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനും യുഎഇ ലക്ഷ്യമിടുന്നു. മൊത്തത്തിലുള്ള ദേശീയ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎഇ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Read More: വിദേശ സർവകലാശാല വിദ്യാർഥികൾക്ക് പുതിയ റെസിഡൻസി നിയമങ്ങളുമായി യുഎഇ

പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യുഎഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ. നേരത്തെ ഇരട്ട പൗരത്വം യുഎഇ അംഗീകരിച്ചിരുന്നില്ല.

സ്വന്തമായി യുഎഇയില്‍ വസ്തുവകകള്‍ നിക്ഷേപകര്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. മെഡിക്കല്‍ ഡോക്ടര്‍മാരും വിദഗ്ധരായ പ്രൊഫണലുകളും യുഎഇക്ക് ആവശ്യമായ പ്രത്യേക മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം.

ഇതിനുപുറമേ ഇവര്‍ തങ്ങളുടെ മേഖലയില്‍ ശാസ്ത്രീയ മൂല്യമുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സംഭാവന നല്‍കിയവരുമാകണം. ഗവേഷണ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ശാസ്ത്രജ്ഞര്‍ക്ക് മാത്രമേ പൗരത്വം അനുവദിക്കുകയുള്ളൂ.

മന്ത്രി സഭയും അമീരി കോര്‍ട്ടുമാണ് പൗരത്വം കിട്ടാന്‍ യോഗ്യരായവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നല്‍കുക . വിദേശ രാജ്യത്തിന്റെ പൗരത്വം റദ്ദാക്കേണ്ടി വരില്ല എന്നാണ് സൂചന .

2021 ഒക്ടോബറില്‍ ദുബായില്‍ എക്സ്പോ തുടങ്ങാനിരിക്കെയാണ് രാജ്യത്തിന്റെ വികസനത്തിനും ഒപ്പം വിദേശി സമൂഹത്തിനും ഗുണകരമാകുന്ന പുതിയ നിയമം പ്രഖ്യാപിച്ചത്. പൗരത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ദിവസങ്ങൾക്കു മുൻപ് യുഎഇ തങ്ങളുടെ റെസിഡൻസി നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. പുതിയ ഭേദഗതി പ്രകാരം യുഎഇയിൽ പഠനം നടത്തുന്ന വിദേശി വിദ്യാർഥികൾക്ക് മതിയായ സാമ്പത്തിക നിലയും താസിക്കാൻ ഇടവുമുണ്ടെങ്കിൽ മാതാപിതാക്കളെ തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തേക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിപ്പിക്കാനാകും.

കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂടുതൽ വിദേശികളെ, ദുബായ് എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനായി യുഎഇ മന്ത്രിസഭ അടുത്തിടെ അവതരിപ്പിച്ച റെസിഡൻസി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ ഭേദഗതി.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: United arab emirates says it will offer citizenship to some