റിയാദ്: ഈ വർഷത്തെ ഉംറ സീസണിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർക്ക് വിസ അനുവദിക്കുന്ന അവസാന ദിവസം മേയ് 2 (വെള്ളി) ആണെന്ന് ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ അബ്‌ദുൽ അസീസ് ദമൻഹൂരി പറഞ്ഞു.

വിദേശങ്ങളിലെ സൗദി എംബസികളിലും കോൺസുലേറ്റുകളിലും ഉംറ വിസക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം നാളെയാണ്. വെളളിയാഴ്‌ച ഓഫീസ് സമയം അവസാനിക്കുന്നതു വരെ വിസകൾ അനുവദിക്കും. വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഉംറ വിസ സീസൺ ദീർഘിപ്പിച്ചിട്ടുണ്ട്. മുഹറം ഒന്നു മുതൽ ശവ്വാൽ അവസാനം വരെയാണ് ഇപ്പോൾ ഉംറ സീസൺ.

ശവ്വാൽ പതിനാലു (വ്യാഴാഴ്‌ച) വരെ ഉംറ വിസ അപേക്ഷകൾ സ്വീകരിക്കും. ശവ്വാൽ പതിനഞ്ചു വരെ എംബസികളും കോൺസുലേറ്റുകളും വിസകൾ അനുവദിക്കും. ശവ്വാൽ 29 വരെ തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകും. വിദേശങ്ങളിൽ നിന്ന് 70 ലക്ഷത്തോളം ഉംറ തീർഥാടകർ ഈ വർഷം ഇതുവരെ പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. 110 ലേറെ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം സേവനങ്ങൾ നൽകിയിട്ടുണ്ട്. വിദേശങ്ങളിൽനിന്നുള്ള ഉംറ തീർഥാടകർ 3500 ലേറെ വിദേശ ഏജൻസികളും ഓപറേറ്റർമാരും വഴിയാണ് പുണ്യഭൂമിയിൽ എത്തിയത്.

തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ഫീൽഡ് സംഘങ്ങളും സർവീസ് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഈ വർഷം നിരവധി ഉംറ സർവീസ് കമ്പനികൾക്ക് മന്ത്രാലയം പുതുതായി ലൈസൻസ് നൽകിയിട്ടുണ്ട്. നിലവിൽ 400 ഓളം കമ്പനികൾ ഉംറ സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉംറ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പായി തീർഥാടകരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് സർവീസ് കമ്പനികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും എൻജിനീയർ അബ്‌ദുൽ അസീസ് ദമൻഹൂരി പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ലൈസൻസുള്ളവരെല്ലാം അത് സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്. നിരവധി സൗദി സ്ത്രീകൾക്ക് അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലൈസൻസുണ്ട്.

വാർത്ത: സിജിൻ കൂവള്ളൂർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ