scorecardresearch
Latest News

ബഹിരാകാശത്ത് വീണ്ടും യു ഇ യുടെ തിളക്കം; ബഹിരാകാശത്ത് ആറ് മാസം തങ്ങാന്‍ സുല്‍ത്താന്‍ അല്‍ നെയാദി

അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് 2023 ല്‍ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണു നെയാദി ബഹിരാകാശത്തേക്കു പോകുക

Sultan Al Neyadi, UAE, International Space Station

ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ എസ് എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാന്‍ ഒരുങ്ങി യു എ ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണു അല്‍ നെയാദി ഐ എസ് എസിലെത്തുക.

യു എ ഇയുടെ വളര്‍ന്നുവരുന്ന ബഹിരാകാശ പരിപാടിയിലെ നാഴിക്കല്ലാണ് ഡോ. അല്‍ നെയാദി യാത്ര. ഇതോടെ ബഹിരാകാശത്തേക്കു ദീര്‍ഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന പതിനൊന്നാമത്തെ രാജ്യമായി മാറുകയാണു യു എ ഇ.

ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ (എം ബി ആര്‍ എസ് സി) എമിറാത്തി ബഹിരാകാശയാത്രികരുടെ സംഘത്തില്‍ നിന്നാണ് അല്‍ നെയാദിയെ തിരഞ്ഞെടുത്തത്. 180 ദിവസമാണ് സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശത്ത് ചെലവഴിക്കുക.

”2023 ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിക്കുന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ തിരഞ്ഞെടുത്തതില്‍ അഭിമാനിക്കുന്നു. യു എഇ.യുടെ വളര്‍ന്നുവരുന്ന ബഹിരാകാശ പരിപാടിയുടെ ശക്തമായ അടിത്തറയിലെ ചരിത്ര നാഴികക്കല്ലാണിത്,” യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.

”നമ്മുടെ യുവത വലിയ അഭിമാനമുണ്ടാക്കിയിക്കുന്നു,”ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് 2023 ല്‍ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണു നെയാദി ബഹിരാകാശത്തേക്കു പോകുക. സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റാണു പേടകത്തെ കൊണ്ടുപോകുക. വാഷിങ്്ടണിലെ യു എ ഇ എംബസിയില്‍ എം ബി ആര്‍ എസ് സിയും ആക്സിയം സ്പേസും തമ്മില്‍ ഒപ്പുവെച്ച കരാറിനെത്തുടര്‍ന്നാണ് നെയാദിയെ തിരഞ്ഞെടുത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

2018ല്‍ രാജ്യത്തെ ആദ്യ രണ്ട് ബഹിരാകാശ സഞ്ചാരികള്‍ക്കായി നാലായിരത്തിലധികം പേരില്‍നിന്നു തിരഞ്ഞെടുത്തവരില്‍ ഒരാളാണ് അല്‍ നെയാദി. മറ്റൊരാളായ വ്യോമസേനാ വൈമാനികന്‍ മേജര്‍ ഹസ അല്‍ മന്‍സൂരി നേരത്തെ ബഹിരാകാശത്ത് സഞ്ചരിച്ച് തിരിച്ചെത്തിയിരുന്നു.

നാല്‍പ്പത്തി ഒന്നുകാരനായ നയാദി സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശയാത്രികന്‍ ആന്‍ഡ്രി ഫെഡ്യേവ് എന്നിവരടങ്ങിയ ബഹിരാകാശയാത്രികരായ നാസ-സ്പേസ് എക്സ് ക്രൂ 6 ദൗത്യത്തില്‍ മിഷന്‍ സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു.

സായുധ സേനയില്‍ നെറ്റ്വര്‍ക്ക് സെക്യൂരിറ്റി എന്‍ജനീയറായി പ്രവര്‍ത്തിച്ച അദ്ദേഹം അല്‍ ഐനിലാണു ജനിച്ചത്. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ പിഎച്ച്ഡിയും ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ സയന്‍സ് ബിരുദവും നേടി.

യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സുല്‍ത്താന്‍ അല്‍ നെയാദിയെ അഭിനന്ദിച്ചു.

ബഹിരാകാശ രംഗത്ത് ഏറെ മുന്നേറുന്ന യു എ ഇ കഴിഞ്ഞവര്‍ഷം ചൊവ്വയിലേക്ക് ആളില്ലാ ഹോപ്പ് പ്രോബ് വിക്ഷേപിച്ചിരുന്നു. ചൊവ്വയിലെത്തുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ മാത്രം രാജ്യവുമാണ് യു എ ഇ. ഇസ്രായേലി ബഹിരാകാശ കമ്പനിയായ സ്പേസ്ഐഎല്ലുമായി സഹകരിച്ച് 2024-ഓടെ ചാന്ദ്രയാത്ര നടത്താന്‍ യു എ ഇക്ക് പദ്ധതിയുണ്ട്.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uaes sultan al neyadi to be first arab astronaut to spend 6 months on international space station