ദുബായ്: യു എ ഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്റെ യാത്ര ഒരു മാസം പിന്നിട്ടു. പേടകം 13.4 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞതായി മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എം ബി ആര് എസ് സി) അറിയിച്ചു.
ആദ്യ അറബ് നിര്‍മിത ചാന്ദ്ര റോവറായ റാഷിദ് ഡിസംബര്‍ 11-ന് അമേരിക്കയിലെ ഫ്ളോറിഡയിലെ കേപ് കനാവറല്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വിക്ഷേപിച്ചത്.
വിക്ഷേപണത്തിനുശേഷം റോവറുമായി എമിറേറ്റ്സ് ലൂണാര്‍ മിഷന് ടീം 220 മിനിറ്റ് ആശയവിനിമയം നടത്തി. റോവറിന്റെയും അതിലെ ഉപസംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ആരോഗ്യ വിലയിരുത്തലും പരിപാലന പരിശോധനകളും ടീം പൂര്‍ത്തിയാക്കി. വിക്ഷേപണത്തിനു ശേഷമുള്ള രണ്ടാഴ്ച ദിവസവും 10 മിനുട്ട് നേരത്തേക്ക് റോവറിന്റെ പവര്‍ ഓണ്‍ ചെയ്തിരുന്നു. നിലവില്‍ ആഴ്ചയിലൊരിക്കല്‍ റോവറുമായി ടീം ആശയവിനിമയം നടത്തുന്നുണ്ട്.
നാലു മാസത്തെ ക്രൂയിസ് ഘട്ടത്തില്‍ റോവറുമായി 150 മിനിറ്റ് കൂടി ടീം ആശയവിനിമയം നടത്തും. വിക്ഷേപിച്ചശേഷം റാഷിദ് റോവറിന്റെ ഉപസംവിധാനങ്ങള്‍ 17 തവണ സജീവമാക്കി. ഇവ ആദ്യ രണ്ടാഴ്ച ദിസവും 10 മിനുട്ട് നേരത്ത് പവര്‍ ഓണ്‍ ചെയ്തിരുന്നു. നിലവില്‍ ആഴ്ചയിലൊരിക്കല്‍ 10 മിനുട്ട് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
റോവര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത്, തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്കുള്ള ഇറക്കം, ലാന്‍ഡിങ് എന്നിവ ഉള്‍പ്പെട്ട ഘട്ടത്തിനും ഉപരിതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും തയറെടുക്കുകയാണു ടീം. റോവര്‍ ഏപ്രില്‍ അവസാനത്തോടെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുമെന്നാണു പ്രതീക്ഷ. ഇതിനു മുന്നോടിയായി, ഉപരിതല പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എം ബി ആര് എസ് സി ഗ്രൗണ്ട് സ്റ്റേഷനില്‍ 12 സിമുലേറ്റഡ് മിഷന് റിഹേഴ്സലുകള്‍ നടത്തും.
റാഷിദ് റോവര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളാണു എം ബി ആര് എസ് സി ലക്ഷ്യമിടുന്നത്. ഇതിന്റെ ഫലങ്ങള്‍ ശാസ്ത്രം, ആശയവിനിമയ സാങ്കേതികവിദ്യകള്‍, റോബോട്ടിക്സ് എന്നീ മേഖലകളില്‍ ഗുണപരമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.