ദുബായ്: യു എ ഇയുടെ പ്രഥമ ചാന്ദ്രദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. റാഷിദ് റോവര്‍ 11നു യു എ ഇ സമയം രാവിലെ 11:38ന് (കിഴക്കന്‍ യു എസ് സമയം പുലര്‍ച്ചെ 02:38) വിക്ഷേപിക്കുമെന്നു മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ (എം ബി ആര് എസ് സി) അറിയിച്ചു.
നേരത്തെ നാലു തവണ റാഷിദ് റോവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. റോവര്‍ നവംബര്‍ 22നു വിക്ഷേപിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് 28ലേക്കും 30ലേക്കും ഡിസംബര്‍ ഒന്നിലേക്കും വിക്ഷേപണം മാറ്റിയിരുന്നു. വിക്ഷേപണ വാഹനം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്ക്കുവേണ്ടിയായിരുന്നു ഇത്.
അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ളോറിഡ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സറ്റേഷനില്നിന്നാണു റോവറിന്റെ വിക്ഷേപണം. http://www.mbrsc.ae/lunar എന്ന ലിങ്കില്‍ വിക്ഷേപണം തത്സമയം കാണാം.
ചന്ദ്രനിലേക്കുള്ള റാഷിദ് റോവറിന്റെ യാത്രയ്ക്ക് ഏകദേശം അഞ്ച് മാസമെടുക്കും. പേടകം നേരിട്ടു ചന്ദ്രനെ സമീപിക്കുന്നതിനു പകരം കുറഞ്ഞ ഊര്‍ജ പാതയിലൂടെ സഞ്ചരിക്കുന്നതിനാലാണിത്. റോവറിനെ, ജപ്പാന് കമ്പനിയായ ഐസ്പേസ് ഇങ്ക് വികസിപ്പിച്ചെടുത്ത മിഷന് 1 ഹകുട്ടോ ആര് എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണു ചന്ദ്രോപരിതലത്തില്‍ ഇറക്കുക. ലാന്‍ഡിങ് ഏപ്രിലില്‍ സാധ്യമാവുമെന്നാണു മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ (എം ബി ആര് എസ് സി) പ്രതീക്ഷ.
ചന്ദ്രന്റെ പ്ലാസ്മയെക്കുറിച്ചും ചന്ദ്രനിലെ പൊടിപടലങ്ങള്‍, ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനാത്മകത, വ്യത്യസ്ത പ്രതലങ്ങള്‍ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ചും പഠിക്കുകയെന്നതാണ് റാഷിദ് റോവര്‍ ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം. 10 കിലോഗ്രാം വരുന്ന റോവറില്‍ ഉയര്‍ന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകള്‍, ഒരു മൈക്രോസ്കോപ്പിക് ക്യാമറ, ഒരു തെര്‍മല്‍ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നിവയ്ക്കു പുറമെ മറ്റ് ഉപകരണങ്ങളുമുണ്ട്.
ബഹിരാകാശ പര്യവേഷണ മേഖലയില്‍ സുപ്രധാന സ്ഥാനത്തിനുള്ള യു എ ഇയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണു ചാന്ദ്ര ദൗത്യം. റോവര്‍ ഒരു ചാന്ദ്രദിനം (14 ഭൗമദിനം) ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള പഠനത്തിനായി ചെലവഴിക്കും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ ബഹിരാകാശ പേടകമിറക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ യും ജപ്പാനും ഇടംപിടിക്കും. വിക്ഷേപണം കൃതമായി പൂര്‍ത്തിയായാല്‍ ചന്ദ്രനിലേക്കുള്ള ആദ്യത്തെ കാര്‍ഗോ ദൗത്യമാവുമിത്.