ദുബൈ: ചെക്കുകൾ നൽകുന്നതിൽ കർശന നിയന്ത്രണമേർപ്പെടുത്തി യു എ ഇ. യു എ ഇ യിലെ കേന്ദ്രബാങ്ക് ഇറക്കിയ പുതിയ ഉത്തരവ് പ്രകാരമാണ് ചെക്കുകൾ നൽകുന്നതിൽ കർശന നിയന്ത്രണം നിലവിൽ വരുന്നത്. യു എ ഇയിലെ വായ്പ സംബന്ധിച്ചുളള നടപടിക്രമങ്ങളിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചെക്ക് ബുക്ക് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ യു എ ഇ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്.

പുതിയ തീരുമാനങ്ങൾ സെൻട്രൽ ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ബാങ്കുകൾ ചെക്ക് ബുക്കുകൾ നൽകുന്നതിന് മുമ്പ് ചില നടപടി ക്രമങ്ങൾ ഉണ്ടാകണം. ചെക്ക് ബുക്ക് നൽകുന്നതിന് മുമ്പ് ഉപയോക്താവിന്റെ വായ്പാ സാമ്പത്തിക ഇടപാട് ചരിത്രം ബാങ്കുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവിൽ ഉപയോക്താക്കൾ വീഴ്ച വരുത്താതിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനാണ് ​ഇത് പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുളളത്.

ഉപയോക്താക്കൾ ചെക്ക് ഉപയോഗിക്കുന്നത് ധനകാര്യസ്ഥാപനങ്ങൾ പരമാവധി നിരുത്സാഹപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ചെക്കുകൾക്ക് പകരം മറ്റ് പണം കൈമാറ്റ മാർഗങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കണം.

ഇനി മുതൽ ചെക്ക് ബുക്കുകൾ നൽകുന്നതിന് മുമ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ അൽ ഇത്തിഹാദ് കെഡ്രിറ്റ് ബ്യൂറോയുമായി ബന്ധപ്പെട്ട് പരിശോധിച്ച് വായ്പാ തിരിച്ചടവ് സംബന്ധിച്ചുളള കാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

യു എ ഇയിൽ ചെക്ക് ഉപയോഗിച്ചുളള പണമിടപാട് സംബന്ധിച്ച ഒട്ടേറെ കേസുകൾ വരുന്ന സാഹചര്യത്തിലാണ് സെൻട്രൽ ബാങ്ക് കർശന നിർദ്ദേശങ്ങളുമായി എത്തിയതെന്നാണ് സുചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook