അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജനുവരി 29ന് വൈകിട്ട് 6 മണിക്ക് അബുദാബി മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. യുഎഇയും ഖത്തറും തമ്മിലാണ് പോര്. ഈ ഏഷ്യന്‍ കപ്പില്‍ ചരിത്രങ്ങള്‍ നിരവധിയാണ് മാറി മറിഞ്ഞത്. നിലവിലെ ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ യുഎഇ നാട്ടിലേക്ക് മടക്കി അയച്ചതോടെ സെമി ഫൈനലിന്റെ ടിക്കറ്റിനായി ആവശ്യക്കാര്‍ അധികമായി.

ചരിത്രത്തില്‍ ഇതുവരെ ഓസ്ട്രേലിയക്ക് എതിരെ ഒരു ഗോള്‍ വരെ അടിക്കാന്‍ കഴിയാത്ത ടീമായിരുന്ന യുഎഇയാണ് ഓസ്ട്രേലിയെ തകര്‍ത്ത് സെമിയിലേക്ക് കടന്നത്. ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ വരിഞ്ഞ് കെട്ടികൊണ്ടുള്ള പ്രകടനമാണ് യുഎഇ നടത്തിയത്. സ്വന്തം നാട്ടില്‍ കളി നടക്കുന്നതിന്റെ എല്ലാ അനുകൂല ഘടകങ്ങളും മുതലാക്കി ആരാധകരുടെ ഗംഭീര പിന്തുണയോടെ പൊരുതിയാണ് യുഎഇ ഓസ്ട്രേലിയയെ തോല്‍പ്പിച്ചത്.

എല്ലാ ടിക്കറ്റുകളും അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ വാങ്ങി യുഎഇ ആരാധകര്‍ക്ക് സൗജന്യമായി കൊടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ 10 മണി മുതല്‍ കൗണ്‍സിലിന്റെ ആസ്ഥാനത്ത് വച്ചാണ് വിതരണം ആരംഭിച്ചത്. രാവിലെയോടെ ടിക്കറ്റിനായി ആരാധകരുടെ ഒഴുക്കായിരുന്നു. പലരും ടിക്കറ്റ് ലഭിക്കാതെ മടങ്ങി. 10 മണിക്ക് ആരംഭിച്ച ടിക്കറ്റ് വിതരണം രണ്ട് മണിക്കൂറിനകം പൂര്‍ത്തിയായി.
അല്‍ ഐനിലെ ഹസ ബിന്‍ സയിദ് സ്റ്റേഡിയം, ദുബായിലെ അല്‍ വാസില്‍ ക്ലബ്ബ്, ഷാര്‍ജ സ്പോര്‍സ് സ്റ്റേഡിയം, റാസല്‍ഖൈമയിലെ എമിറേറ്റ്സ് സ്റ്റേഡിയം എന്നിവിടങ്ങളിലും ടിക്കറ്റ് വിതരണം ചെയ്തു. ഒരു മണിക്കൂറിലധികം ക്യൂ നിന്നിട്ടും ടിക്കറ്റ് ലഭിച്ചില്ലെന്നും യുഎഇയുടെ പല ആരാധകരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നിരവധി മലയാളികളും ടിക്കറ്റിനായി വരിയില്‍ കാത്തു നിന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook