അബുദാബി: തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് യുഎഇ. അല്ലാത്തവർക്ക് തുക ലഭിക്കില്ലെന്ന മുന്നറിയിപ്പും അധികാരികൾ നൽകി. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ചേരാനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. ഇത് അവസാനിക്കാനിരിക്കെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് യുഎഇ വ്യവസ്ഥകൾ വിശദമാക്കിയത്.
തൊഴിലില്ലായ്മ ഇൻഷുറൻസ് സബ്‌സ്‌ക്രിപ്‌ഷന്റെ അവസാന തീയതിയ്ക്ക് ശേഷവും അതിൽ ചേരാത്ത ജീവനക്കാർ പിഴ അടയ്‌ക്കേണ്ടിവരും
സ്വകാര്യ,സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഈ അൺഎംപ്ലോയ്മെന്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ സാധിക്കുക. പൊടുന്നനെ ജോലി നഷ്ടപ്പെട്ടാല്‍ പദ്ധതി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. സബ്‌സ്‌ക്രിപ്‌ഷൻ 2023 ജനുവരി ഒന്നിന് ആരംഭിച്ചിരുന്നു.
നഷ്ടപരിഹാരം ലഭിക്കാന്‍ ജീവനക്കാര്‍ പദ്ധതിയിലേക്കു പ്രീമിയം അടയ്ക്കണം. മാസം അഞ്ച് മുതല്‍ 10 ദിര്‍ഹം വരെയാണു പ്രീമിയം അടയ്ക്കേണ്ടി വരിക. മൂന്നു മാസത്തിലൊരിക്കലോ ആറു മാസം കൂടുമ്പോഴോ വര്‍ഷത്തേക്കു മൊത്തമായോ പ്രീമിയം അടയ്ക്കാം.
പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കു അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം (പാക്കേജിനെ ആശ്രയിച്ച് മാസം 10,000 ദിര്‍ഹം, 20,000 ദിര്‍ഹം എന്നിങ്ങനെ) തുകയാണു നഷ്ടപരിഹാരമായി ലഭിക്കുക. ക്ലെയിം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നു ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ച വിശദീകരണത്തില്‍ പറയുന്നു.
തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതല്‍ പരമാവധി മൂന്നു മാസം വരെ മാത്രമേ തുക ലഭിക്കൂ. നഷ്ടപരിഹാരം അര്‍ഹിക്കുന്ന കാലയളവില്‍ ജീവനക്കാര്‍ മറ്റൊരു ജോലിയില്‍ ചേര്‍ന്നാല്‍ തുക നിര്‍ത്തലാക്കും.
ആർക്കൊക്കെ പദ്ധതിയിൽ അംഗമാകാം?
നിക്ഷേപകര്‍ (സ്ഥാപനങ്ങളുടെ ഉടമകള്‍), വീട്ടുജോലിക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, 18 വയസിനു താഴെയുള്ളവര്‍, വിരമിക്കല്‍ പെന്‍ഷന്‍ സ്വീകരിക്കുകയും പുതിയ ജോലിയില്‍ ചേരുകയും ചെയ്തവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാമെന്നാണു ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. അധിക ആനുകൂല്യങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തയാളും സേവന ദാതാവും തമ്മില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണു നഷ്ടപരിഹാരം നല്‍കുക. അവ ഇങ്ങനെ:
- സബ്‌സ്‌ക്രിപ്ഷന്‍ തീയതി മുതല്‍ തുടര്‍ച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ഇന്‍ഷ്വര്‍ ചെയ്ത ജീവനക്കാര്‍ക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത.
- ജോലിയില്‍നിന്നു പിരിച്ചുവിട്ടപ്പെട്ട ആര്‍ക്കും (അച്ചടക്ക കാരണങ്ങളോ രാജിയോ ഒഴികെ) പരമാവധി മൂന്നു മാസത്തേക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത
- അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവര്‍ക്കു മാസം 10,000 ദിര്‍ഹം വരെ നഷ്ടപരിഹാരം ലഭിക്കും
- അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ക്കു ലഭിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 20,000 ദിര്‍ഹം
- ക്ലെയിമില്‍ തട്ടിപ്പോ കൃത്രിമമോ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം യഥാര്‍ത്ഥമല്ലെന്നു കണ്ടെത്തിയാലും നഷ്ടപരിഹാരം ലഭിക്കില്ല. പിഴ ഈടാക്കുകയും ചെയ്യും.