അബുദാബി: അജ്മാനു പിന്നാലെ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അല്‍ ഖുവൈന്‍ പൊലീസും. ഒക്ടോബര്‍ 31-നു മുന്‍പുള്ള നിയമലംഘനങ്ങളാണു പിഴ ഇളവ് പരിധിയില്‍ വരിക.
ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം ജനുവരി ആറു വരെ ഇളവ് ബാധകം. അതേസമയം, ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ പുതിയ തീരുമാനത്തിന്റെ പരിധിയില്‍ വരില്ലെന്നു ഉം അല്‍ ഖുവൈന്‍ മീഡിയ ഓഫീസ് അറിയിച്ചു
പൊതു, സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ച സംഭവങ്ങള്‍, റെഡ് സിഗ്നല്‍ തെറ്റിക്കല്‍, വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്റർ പിന്നിടല്‍, അനുമതിയില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ പരിഷ്‌കരിക്കല്‍, മറ്റുള്ളവരുടെ ജീവന് അപകടം വരുത്തല്‍ എന്നിവയ്ക്ക് ഇളവ് ബാധകമല്ലെന്നു പൊലീസ് വ്യക്തമാക്കി.
യു എ ഇ ദേശീയ ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി ഉം അല്‍ ഖുവൈനിലെ ആളുകളില്‍ സന്തോഷം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഇളവെന്നു പൊലീസ് അറിയിച്ചു.
നവംബര്‍ 11നു മുന്‍പുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് അജ്മാന്‍ പൊലീസ് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് തുക നവംബര്‍ 21 മുതല്‍ ജനുവരി ആറ് വരെ അടയ്ക്കാനുള്ള സാവകാശമുണ്ട്.
ഗുരുതരമായ നിയമലംഘനങ്ങള്‍ ഒഴികെയുള്ള സംഭവങ്ങളില്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കും. ലൈസന്‍സില്‍ ഏര്‍പ്പെടുത്തിയ ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ റദ്ദാക്കുകയും ചെയ്യും.
ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഇളവുണ്ടാകില്ല. ലൈറ്റ് അല്ലെങ്കില്‍ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത സ്ഥലങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഓവര്‍ടേക്ക് ചെയ്യുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനിലോ ഷാസിയിലോ മാറ്റം വരുത്തുക, റെഡ് സിഗ്‌നല്‍ മറികടക്കുക എന്നിവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.