അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് വിരമിച്ചാലും നിശ്ചിത കാലം കൂടെ  അവിടെ തന്നെ താമസിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്ക് യുഎഇ മന്ത്രിസഭ അനുമതി നൽകി. ഇതിനായി പ്രത്യേക റസിഡൻസി വിസ അനുമതി നൽകുന്ന നിയമത്തിനാണ് അംഗീകാരം നൽകിയത്. 55 വയസ്സിന് മുകളിൽ പ്രായമായി  ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് അഞ്ച്  വർഷം കൂടെ യുഎയിൽ താമസിക്കാൻ അനുമതി നൽകുന്നതാണ് പുതിയ നിയമഭേദഗതി. താമസ കാലാവധി നീട്ടിക്കിട്ടാൻ നിർദ്ദിഷ്ട മാനദണ്ഡങ്ങളുണ്ട്. യുഎഇയിൽ നിലവിൽ വിരമിക്കൽ പ്രായം 60 വയസ്സാണ്. പുതിയ നിയമം നടപ്പിൽ വരുന്നതോടെ 65 വയസ്സുവരെ അവിടെ ജോലി ചെയ്യാൻ പ്രവാസികൾക്ക് സാധിക്കും.

രണ്ട് മില്യൺ ദിർഹത്തിൽ​ കുറയാത്ത മൂലധന നിക്ഷേപം വസ്തുവിൽ ഉണ്ടാകണം. അല്ലെങ്കിൽ ഒരു മില്യൺ ദിർഹത്തിൽ​ കുറയാത്ത തുക സമ്പാദ്യമായി ഉണ്ടാകണം. അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹത്തിൽ​ കുറയാത്ത വരുമാനം ഉണ്ടാകണം. എന്നിവയാണ് ഈ വിസ ലഭിക്കാൻ വേണ്ടുന്ന മാനദണ്ഡങ്ങൾ. അടുത്ത വർഷത്തോടെ ഈ നിയമം പ്രാബല്യത്തിൽ വരും.

ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷീദ് അൽ മക്തൂം അധ്യക്ഷനായിരുന്ന  യുഎഇ മന്ത്രിസഭയാണ് ഈ തീരുമാനം എടുത്തത്. ഭാവിതലമുറയ്ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിനായി ‘ഹരിത സമ്പദ് വ്യവസ്ഥ’യുടെ വിജയകരമായ മാതൃക സൃഷ്ടിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വഴി വൻകിട ഫാക്ടറികളുടെ 29 ശതമാനവും ചെറുകിട, ഇടത്തരം ഫാക്ടറികൾക്ക് പത്ത് മുതൽ 22 ശതമാനം വരെയുമാണ് നിരക്കില്‍ കുറവ് വരുത്തുന്നത്. ഇതിന് പുറമെ പുതിയ ഫാക്ടറികൾക്കുളള കണക്ഷന് സർവീസ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

ചെറിയ ക്രിമിനൽ കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നതിന് ഏകദിന കോടതി സംവിധാനത്തിനും മന്ത്രിസഭ അനുമതി നൽകി.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും ആശുപത്രി ഡിസൈനും പുതിയ ഏകീകൃത മാർഗനിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ഔഷധങ്ങൾ, രോഗിയുടെയും രോഗിയുടെ ബന്ധുക്കളുടെയും അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook