ദുബായിലോ അബുദാബിയിലോ ജോലി ചെയ്യാൻ ഇനി കടൽക്കടക്കേണ്ട. കോട്ടയത്തോ പാലക്കാടോ ഇടുക്കിയിലോ ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങൾക്ക് ഗൾഫിലെ കമ്പനികൾക്കായി ജോലി ചെയ്യാം. അത്തരത്തിലുള്ള പുതിയ ജോലി സാധ്യതകളാണ് യുഎഇ തുറന്നുതരുന്നത്.
യു എ ഇയിൽ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് ഫ്രീലാൻസ് വർക്ക് പെർമിറ്റ് വ്യാപിപ്പിക്കുന്നു. നേരത്തെ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ ജോലികൾക്ക് മാത്രമായിരുന്നു ഈ വർക്ക് പെർമിറ്റ് അനുവദിച്ചിരുന്നത്. ഇപ്പോൾ എല്ലാതരം ജോലികൾക്കും വർക്ക് പെർമിറ്റ് അനുവദിക്കും. ജോലിയ്ക്കായി യുഎഇയിൽ എത്തേണ്ട ആവശ്യമില്ല, ലോകത്തിന്‍റെ ഏത് ഭാഗത്തിരുന്നും ജോലി ചെയ്യാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
“എല്ലാ തരം ജോലികൾക്കും ഫ്രീലാൻസ് വർക്ക് പെർമിറ്റ് ഞങ്ങൾ അനുവദിക്കും. ഉയർന്ന വൈദഗ്ധ്യമുള്ള ആളുകൾക്കും അല്ലാത്തവർക്കും വർക്ക് പെർമിറ്റ് ലഭിക്കും. മന്ത്രാലയത്തിൽ ജോലിയ്ക്കായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പെർമിറ്റ് ലഭ്യമാകുക,” എന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്‌ദുള്‍ റഹ്‌മാന്‍ അല്‍ അവാര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം അവസാനം മുതൽ കൂടുതൽ മേഖലകളിൽ ഫ്രീലാൻസ് വർക്ക് പെർമിറ്റുകൾ അനുവദിക്കും. വിവിധ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യാനുള്ള അവസരവും പുതിയ ഫ്രീലാൻസ് പെർമിറ്റ് നൽകും. നിലവില്‍, ജീവനക്കാരന് കമ്പനികളുടെ തൊഴില്‍ ആവശ്യകതകള്‍ അനുസരിച്ച് ഒരു തൊഴിലുടമയുമായോ ഒന്നിലധികം തൊഴിലുടമകളുമായോ തൊഴില്‍ കരാര്‍ ആവശ്യമാണ്. പുതിയ പെർമിറ്റിൽ ഇതിന്റെ ആവശ്യം വരുന്നില്ല. പുതിയ പെർമിറ്റ് ലഭിക്കാനായി മന്ത്രാലയത്തിൽ ഫ്രീലാൻസ് ജോലിക്ക് രജിസ്റ്റർ ചെയ്ത് അനുമതി ലഭ്യമാക്കിയാൽ മതിയാകും.
പ്രവാസികളുടെ എൻട്രി, താമസ വിസകളുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിന് യുഎഇ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, ബിരുദധാരികൾ, മികച്ച വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് 10 വർഷത്തെ താമസം അനുവദിച്ചിരുന്നു. ഗോൾഡൻ റസിഡൻസ് വിസയുള്ള ഉടമയ്ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും അനുമതി നൽകിയിരുന്നു.
തൊഴിലാളിക്കും തൊഴിലുടമകൾക്കും ഓരേപോലെ ഉപകാരപ്പെടുന്നതാണ് ഫ്രീലാൻസ് തൊഴിൽ പെർമിറ്റെന്ന് മന്ത്രി പറഞ്ഞു. ദീർഘകാലത്തേക്ക് ജീവനക്കാരെ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമാകും. ഒരേ തൊഴിലുടമയ്ക്ക് കീഴിൽ പണിയെടുക്കാൻ താൽപര്യമില്ലാത്ത ജീവനക്കാർക്ക് പല സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇത് സഹായിക്കും. ഇത് ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024ൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ പറഞ്ഞു. 24,000 അധികം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതൽ ആളുകളെ വിവിധ തൊഴിൽമേഖലകളിലേക്ക് ആകർഷിക്കും. 200 ആളുകളാണ് ഇപ്പോൾ മന്ത്രാലയത്തിനായി ദൂരെയിരുന്നു പ്രവർത്തിക്കുന്നത്. അതിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. തൊഴിൽ സമൂഹത്തെ വർധിപ്പിക്കാനായി 24,000 തൊഴിൽ അവസരങ്ങൾ 2024ഓടെ സൃഷ്ടിക്കപ്പെടും. റിമോട്ട് ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.