ദുബായ്: ലോകത്താകമാനം കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ, മുന്‍കരുതല്‍ എടുക്കുന്നതിന്‍റെ ഭാഗമായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാര്‍ച്ച്‌ 8, ഞായറാഴ്ച മുതൽ നാല് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചു. പബ്ലിക്-പ്രൈവറ്റ് സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  ഈ കാലയളവില്‍ വിദൂര പഠന സംവിധാനം ഏര്‍പ്പെടുത്തിയതായും  വിദ്യാഭ്യാസ വകുപ്പ് അറിയിപ്പില്‍ പറയുന്നു.

“വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ആഗോള തലത്തിൽ കൊറോണ വൈറസിന്റെ (കോവിഡ് -19) വ്യാപനം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്കും നടപടികൾക്കും അനുസൃതമായിട്ടാണ് ഇത് ചെയ്യുന്നത്” യുഎഇ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ നാല് ആഴ്ചകളില്‍ സ്റ്റെറിലൈസേഷന്‍ പ്രോഗ്രാമുകള്‍ നടക്കും.

മാര്‍ച്ച്‌ അവസാന വാരം തുടങ്ങാനിരുന്ന (മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ 12 വരെ) രണ്ടു വാരത്തെ ‘സ്പ്രിങ് ബ്രേക്ക്’ രണ്ടാഴ്ച കൂടി മുന്നോട്ടു നീട്ടിയാണ് നാല് ആഴ്ചത്തെ അവധി. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധിയാകുന്ന സാഹചര്യത്തില്‍ നാളെയായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന പ്രവര്‍ത്തി ദിനം.

Read Here: കൊറോണ വൈറസ്; എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കാൻ സർക്കാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook