ദുബായ്: യുഎഇയില്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന പ്രചാരണം തള്ളി അധികൃതര്‍. പ്രത്യക്ഷ നികുതികള്‍ വന്നേക്കുമെന്നും മൂല്യവര്‍ധിത നികുതി (വാറ്റ്) നിരക്ക് വര്ധിപ്പിച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തിലാണു ധനമന്ത്രാലയ അധികൃതരുടെ വിശദീകരണം.
പുതിയ നികുതി ഏര്‍പ്പെടുത്തുമെന്നും വാറ്റ് വര്‍ധിക്കുമെന്നുമുള്ള അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് സോഷ്യല്‍ നെറ്റ്വർക്കിങ് സൈറ്റുകളില്‍ ആശങ്കകള്‍ നിറഞ്ഞിരുന്നു. കിംവദന്തികളില്‍ കഴമ്പില്ലെന്നു പറഞ്ഞ ധനമന്ത്രാലയം ആദായനികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും അടുത്ത മൂന്നു വര്‍ഷത്തേക്കു വാറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്നും വ്യക്തമാക്കി.
Read Also: യുഎഇയില്‍ വാട്സാപ്പ് വോയ്സ് കോള്‍ വിലക്ക് ഉടന്‍ നീക്കിയേക്കും
”സമീപഭാവിയില്‍ വാറ്റ് ഉയര്‍ത്താനോ പുതിയ നികുതി ചുമത്താനോ പദ്ധതികളോ തീരുമാനങ്ങളോ ഇല്ല,” ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൗരി പറഞ്ഞതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിനാണു യുഎഇയില്‍ വാറ്റ് അവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തേക്കു വര്ധനയുണ്ടാകില്ലെന്നായിരുന്നു പ്രഖ്യാപനം.
ഈ കാലയളവിനുശേഷം വിഷയം അവലോകനം ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നു അല്‍ ഖൗരി പറഞ്ഞു. അഞ്ചുശതമാനമാണു യുഎഇയിലെ നിലവിലെ വാറ്റ് നിരക്ക്.