scorecardresearch

യു എ ഇയില്‍ താമസിച്ച് ജോലി തുടരാം; വിദൂര തൊഴില്‍ വിസ അടുത്ത മാസം മുതല്‍

ലോകത്തെമ്പാടുമുള്ളവർക്ക് വര്‍ക്ക് ഫ്രം ഹോം എന്ന നിലയില്‍ യു എ ഇയില്‍നിന്നുകൊണ്ട് മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കായി ജോലി തുടരാം

യു എ ഇയില്‍ താമസിച്ച് ജോലി തുടരാം; വിദൂര തൊഴില്‍ വിസ അടുത്ത മാസം മുതല്‍

അബുദാബി: വിദേശികള്‍ക്ക് യു എ ഇയില്‍ താമസിച്ച് പുറത്തുള്ള കമ്പനികള്‍ക്കായി ജോലി തുടരാന്‍ അവസരമൊരുക്കുന്ന വിദൂര തൊഴില്‍ വിസ അടുത്ത മാസം മുതല്‍. ഒരു വര്‍ഷത്തേക്കാണു വിര്‍ച്വല്‍ വര്‍ക്കിങ് പ്രോഗ്രാം വിസ അനുവദിക്കുക.

ലോകത്തെമ്പാടുമുള്ളവർക്ക് വര്‍ക്ക് ഫ്രം ഹോം എന്ന നിലയില്‍ യു എ ഇയില്‍നിന്നുകൊണ്ട് മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കായി ജോലി തുടരാം. ജോലി ചെയ്യുന്ന കമ്പനിക്ക് യുഎഇയില്‍ ഓഫിസോ റജിസ്‌ട്രേഷനോ ആവശ്യമില്ല. ലോകമെമ്പാടുമുള്ള കഴിവുകളെയും വൈദഗ്ധ്യത്തെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കു യു എ ഇ മന്ത്രിസഭ അംഗീകാരം നല്‍കി.

ഈ വിസ ലഭിക്കുന്ന വിദേശികള്‍ക്കു സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ യു എ ഇയിലെത്താം. ഒരു വര്‍ഷത്തേക്കാണു വിസ അനുവദിക്കുകയെങ്കിലും കാലാവധി കഴിയുന്ന മുറയ്ക്ക് അപേക്ഷിച്ചാല്‍ വീണ്ടും അനുവദിക്കും. കുടുംബത്തെ ഒപ്പം കൊണ്ടുവരാം.

അപേക്ഷകര്‍ക്കു കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്പോര്‍ട്ടും യു എ ഇയിൽ സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കണം. നിലവിലെ തൊഴില്‍ ദാതാവില്‍നിന്ന് മാസം കുറഞ്ഞത് 5,000 ഡോളര്‍ ശമ്പളമുള്ള, ഒരു വര്‍ഷത്തെ സാധുതയുള്ള കരാര്‍ സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കണം. ഏറ്റവും അവസാനത്തെ ശമ്പള സ്ലിപ്പും അതിനു മുമ്പുള്ള മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും ആവശ്യമാണ്.

അപേക്ഷകര്‍ കമ്പനി ഉടമയാണെങ്കില്‍, മാസം ശരാശരി 5,000 ഡോളര്‍ വരുമാനം ലഭിക്കുന്ന ഒരു വര്‍ഷത്തേക്കോ അതില്‍ കൂടുതലോ ഉള്ള ഉടമസ്ഥാവകാശത്തിന്റെ തെളിവ് സമര്‍പ്പിക്കണം. മുമ്പത്തെ മൂന്നു മാസത്തെ കമ്പനി ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റുകളും ആവശ്യമാണ്.

287 ഡോളറാണു ആണ് വെര്‍ച്വല്‍ വര്‍ക്കിങ് പ്രോഗ്രാമിന്റെ ഫീസ്. കൂടാതെ, യു എ ഇയില്‍ സാധുതയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സിനുള്ള പ്രീമിയവും പ്രൊസസിങ് ഫീസും അടയ്ക്കും. പ്രൊസസിങ് ഫീസ് അടയ്ക്കുന്നത് വിസ അപേക്ഷ അംഗീകരിക്കപ്പെടുമെന്നതിനുള്ള ഉറപ്പല്ല.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി വെബ് സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യു എ ഇ വിര്‍ച്വല്‍ വിസനിയമം പരിഷ്‌കരിച്ചത്.

ഗോള്‍ഡന്‍ വിസ, ഗ്രീന്‍ വിസ, റിട്ടയര്‍മെന്റ് വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാലു തരം മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ യു എ ഇ അടുത്തിടെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae remote work visa all you want to know