അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്.
”യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന് ശാന്തിയും യുഎഇ ജനതയ്ക്കു ക്ഷമയും ആശ്വാസവും നല്‍കട്ടെയെന്ന് ആഗ്രഹിക്കുന്നു,” വാം പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇയില്‍ ഇന്നു മുതല്‍ ഔദ്യോഗിക പതാക പകുതി താഴ്ത്തി 40 ദിവസം ദുഃഖമാചരിക്കുമെന്നും എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഫെഡറല്‍, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ മൂന്നു ദിവസത്തേക്കു നിര്‍ത്തിവയ്ക്കുമെന്നും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയുടെ ആദ്യ പ്രസിഡന്റ് അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും ഷൈഖ ഹിസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മൂത്ത മകനാണ്. അബുദാബി എമിറേറ്റിന്റെ കിഴക്കന്‍ മേഖലയില്‍ 1948-ലായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം അല്‍ ഐന്‍ നഗരത്തിലാരുന്നു.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമതു ഭരണാധികാരിയുമായിരുന്നു ഷെയ്ഖ് ഖലീഫ. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ യുഎഇ പ്രസിഡന്റ്, അബുദാബി ഭരണാധികാരി പദവികളിലെത്തിയത്. 1971-ല്‍ മുതല്‍ 2004 നവംബര്‍ രണ്ടിനു മരിക്കുന്നതുവരെ ഷെയ്ഖ് സായിദായിരുന്നു യുഎഇ പ്രസിഡന്റ്.
യുഎഇയിലും മേഖലയിലും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന ഷെയ്ഖ് ഖലീഫ യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധി ലക്ഷ്യമിട്ട് സന്തുലിതവും സുസ്ഥിരവുമായ വികസനത്തിനുവേണ്ടി പ്രയത്‌നിച്ചു. മികച്ച കേള്‍വിക്കാരനും എളിമയുള്ളയാളുമായി അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ പൗരന്മാരുടെ കാര്യങ്ങളില്‍ അതീവ താല്‍പ്പര്യമുള്ളയാളുമായാണ് കണക്കാക്കപ്പെട്ടിരുന്നത്.
അനുശോചിച്ച് മുഖ്യമന്ത്രി
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. യു.എ.ഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.