India-UAE Flight News: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുടരുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാന്‍, ഉഗാണ്ട, സൈറാ ലിയോണി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാമ്പിയ എന്നിവയാണ് യാത്രാവിലക്കുള്ള മറ്റു രാജ്യങ്ങൾ.
“കോവിഡ് രോഗവ്യാപനത്തിന്റെ നിലവിലെ സാഹചര്യത്തെത്തുടര്‍ന്ന് യു.എ.ഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. കോവിഡ് വ്യാപനം യു.എ.ഇ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യാനുസരണം കൂടുതല്‍ അറിയിപ്പുകള്‍ നല്‍കുന്നതായിരിക്കും,” ജനറൽ സിവിൽ എവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരും മെഡിക്കൽ ആവശ്യങ്ങളുള്ളവരും ഒഴികെയുള്ള എല്ലാ യു.എ.ഇ പൗരന്മാർക്കും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: India-UAE Flight News: കേരളത്തിൽ നിന്നും താഷ്കെന്റ് വഴി, ബെൽ ഗ്രേഡ് വഴി ദുബായിലേക്ക്
അതേസമയം, യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോൾഡൻ, സിൽവർ റസിഡൻസി വിസ ഹോൾഡർമാർക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതടക്കം മുന്‍പ് പ്രഖ്യാപിച്ചിരുന്ന മാനദണ്ഡങ്ങള്‍ തുടരും. സ്വകാര്യ ജെറ്റുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.
ഏപ്രില്‍ മുതല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് യു.എ.ഇ വിലക്കിയിരിക്കുകയാണ്. ജോലി ആവശ്യങ്ങള്‍ക്കായി തിരികെ എത്തേണ്ട നിരവധി പേരാണ് പ്രസ്തുത രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പേരും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് യു.എ.ഇലേക്ക് എത്തുന്നത്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കം വന്നവരും വൈറസ് ബാധിച്ചവരും ഇപ്പോഴുള്ള രാജ്യത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ തുടരണം. അല്ലാത്ത പക്ഷം യാത്ര ചെയ്യരുതെന്ന് ജി.സി.എ.എ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Also Read: India-UAE Flight News: അടച്ചിട്ടിട്ടും തിരക്കൊഴിയാതെ ഇന്ത്യ ഗൾഫ് വിമാന റൂട്ട്