അബുദബി: ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലുള്ള മലയാളികളടക്കമുള്ള പ്രവാസികൾ ശ്രദദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവർക്ക് യുഎഇ അടക്കമുളള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് അടക്കമുളള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നാണ് യുഎഇയിലെ ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചിരിക്കുന്നത്.

തദ്ദേശിയർക്ക് മാത്രമല്ല പ്രവാസികൾക്കും ഈ നിർദ്ദേശം ബാധകമാകും. ഇത്തരം നടപടികള്‍ സൈബര്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും യുഎഇ മുന്നറിയിപ്പ് നല്‍കുന്നു. ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്‌റ്റോ, കമന്റോ ഇട്ടാല്‍ മൂന്ന് മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. യുഎഇയിലെ മലയാളികള്‍ അടക്കമുളളവര്‍ അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ