ദുബൈ: പ്രവൃത്തി ആഴ്ചയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് യുഇഎ. പുതിയ വര്‍ഷം മുതല്‍ യുഎഇയിലെ പ്രവൃത്തി ആഴ്ചയെന്നത് നാലര ദിവസമായിരിക്കും. വാരാന്ത്യ അവധി രണ്ടര ദിവസമായി ദീര്‍ഘിപ്പിച്ചു.
പ്രവൃത്തി സമയം എത്ര?
മൊറോക്കോ, തുര്‍ക്കി, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ശനി, ഞായര്‍ വാരാന്ത്യമാണു പിന്തുടരുന്നത്. ഈ കാഴ്ചപ്പാടിലേക്കാണ് യുഎഇയും എത്തുന്നത്.
നിലവില്‍, ഞായര്‍ മുതല്‍ വ്യാഴം വരെയാണ് യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവൃത്തി ആഴ്ച. വെള്ളിയും ശനിയും അവധി ദിനങ്ങളാണ്. ഈ പ്രവൃത്തി ആഴ്ചയാണ് ജനുവരി ഒന്നു മുതല്‍ മാറുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ശനി, ഞായര്‍ ദിനങ്ങളും ഇനി അവധിയായിരിക്കും.
Also Read: യുഎഇയില്‍ ഇനി ജോലി നാലര ദിവസം; വെള്ളി ഉച്ചയ്ക്കുശേഷവും ശനിയും ഞായറും അവധി
പുതിയ പ്രവൃത്തി ആഴ്ച സംവിധാനത്തില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറുമാണു പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചതിരിഞ്ഞ് 3.30 വരെയും വെള്ളിയാഴ്ച 7.30 മുതല്‍ ഉച്ചയ്ക്കു 12 വരെ 4.5 മണിക്കൂറാണ് പ്രവൃത്തി സമയം.
വെള്ളിയാഴ്ച വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാം
വെള്ളിയാഴ്ചകളില്‍, സൗകര്യപ്രദമായ പ്രവൃത്തിസമയമോ വര്‍ക്ക് ഫ്രം ഹോം സാധ്യതയോ തിരഞ്ഞെടുക്കാന്‍ ജീവനക്കാരെ അനുവദിക്കും.
വെള്ളിയാഴ്ച പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും വര്‍ഷം ഉച്ചയ്ക്ക് 1.15 നുശേഷമായും നിശ്ചയിച്ചിട്ടുണ്ട്. ഇതു ജോലിക്കുശേഷം പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ മുസ്ലിം ജീവനക്കാര്‍ക്കു സഹായകരമാവും.
ലോകത്തിലെ ഏറ്റവും കുറഞ്ഞ പ്രവൃത്തി ആഴ്ച
ആഗോളതലത്തില്‍ പ്രവൃത്തി ആഴ്ചയെന്നത് അഞ്ച് ദിവസമാണ്. ഇതിനേക്കാള്‍ കുറച്ച ദേശീയ കുറഞ്ഞ ദേശീയ പ്രവൃത്തി ആഴ്ച അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് യുഎഇ.
ആര്‍ക്കൊക്കെ ബാധകം?
ഫെഡറല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണു പുതിയ സംവിധാനം ബാധകം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ജനുവരി ഒന്നു മുതല്‍ പുതിയ പ്രവൃത്തി ആഴ്ച സംവിധാനത്തിലേക്കു മാറുമെന്നു യുഎഇ ഭരണകൂടം അറിയിച്ചു.
സംവിധാനത്തിലേക്ക് ദുബായും അബുദാബിയും
ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി പുതിയ പ്രവൃത്തി ആഴ്ച പിന്തുടരുമെന്ന് ദുബൈ, അബുദാബി എമിറേറ്റുകള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയായിരിക്കുമെന്ന് ഈ ഭരണകൂടങ്ങള്‍ വ്യക്തമാക്കി. ജനുവരി ഒന്നു മുതല്‍ പുതിയ പ്രവൃത്തി ആഴ്ച നിലവില്‍ വരും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ സംവിധാനത്തിലേക്ക്
നാലര ദിവസ പ്രവൃത്തി ആഴ്ച യുഇഎയിലുടനീളമുള്ള സ്‌കൂളുകളും സര്‍വകലാശാലകളും പിന്തുടരുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ സ്‌കൂള്‍ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കും.
ലക്ഷ്യമെന്ത്?
ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ദൈര്‍ഘ്യമേറിയ വാരാന്ത്യ സംവിധാനം നടപ്പാക്കുന്നത്. പുതിയ പ്രോജക്ടുകളിലോ പഠനങ്ങളിലോ ഏര്‍പ്പെടുന്നതിനോ നീണ്ട വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നതിനോ വാരാന്ത്യസമയം ദീര്‍ഘിപ്പിച്ചത് ജീവനക്കാരെ പ്രാപ്തരാക്കുന്നു.
പുതിയ പ്രവൃത്തി ആഴ്ച സംവിധാനം ആഗോള വിപണികളുമായും ബാങ്കുകളുമായും ബിസിനസ് സുഗമമാക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ. കാരണം ലോകത്തെ മിക്ക രാജ്യങ്ങളിലും ശനി-ഞായര്‍ വാരാന്ത്യമാണു നിലവിലുള്ളത്.
വാരാന്ത്യം പുതുക്കുന്നത് നാലാം തവണ
ഇതിനു മുന്‍പ് മൂന്നു തവണ വാരാന്ത്യം യുഎഇ പരിഷ്‌കരിച്ചിട്ടുണ്ട്. 1971-1999 കാലത്ത് വെള്ളിയാഴ്ചയായിരുന്നു ഔദ്യോഗിക വാരാന്ത്യം. തുടര്‍ന്ന് വ്യാഴാഴ്ച കൂടി വാരാന്ത്യത്തില്‍ ഉള്‍പ്പെടുത്തി. ഇത് 2006 വരെ തുടര്‍ന്നു. 2006ലാണ് ഇപ്പോള്‍ നിലവിലുള്ള വെള്ളി-ശനി വാരാന്ത്യം പ്രഖ്യാപിച്ചത്.