യുഎഇയിൽ പ്രവാസി നിക്ഷേപകർക്ക് പൂർണമായും സ്വന്തം ഉടമസ്ഥതയിലുള്ള വ്യവസായങ്ങളും സ്ഥാപനങ്ങളും തുടങ്ങുന്നതിന് അനുമതി ലഭിക്കും. ഇതിനായുള്ള നിയമഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി.

യുഎഇ പൗരന്മാരുടെ സ്പോൺസർഷിപ്പോടെ മാത്രമെ വ്യവസായങ്ങൾ തുടങ്ങാൻ കഴിയൂ എന്ന വ്യവസ്ഥയിലാണ് മാറ്റം വരുന്നത്. വിദേശ പൗരന്മാർ തുടങ്ങുന്ന കമ്പനിയിൽ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാർക്ക് വേണമെന്ന വ്യവസ്ഥ ഇതോടെ ഇല്ലാതാവും. ഡിസംബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിൽ വരും.

Read More: ഓപ്പറേഷൻ ഫ്രിഡ്ജ്: ദുബായിൽ വൻ മയക്കമരുന്ന് വേട്ട

യുഎഇ കമ്പനി നിയമത്തിൽ ഭേദഗതികൾ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ചില മേഖലകളിൽ ആ ഭേദഗതി ബാധകമല്ല.

ഓയിൽ, ഗ്യാസ്, വൈദ്യുതി വിതരണം ജലവിതരണം പോലുള്ള മേഖലകൾ, ഗതാഗതം, തന്ത്രപരമായ മേഖലകൾ എന്നിവ പോലുള്ള തന്ത്രപ്രധാനമെന്ന് കരുതപ്പെടുന്ന മേഖലകളിലെ കമ്പനികളെ ഈ മാറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നുവെന്ന് യുഎഇ വ്യക്തമാക്കി.

2015ലെ വിദേശ ഉടമസ്ഥതാ നിയമത്തിലും യുഎഇ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭേദഗതിയിലൂടെ രാജ്യത്ത് വിദേശ നിക്ഷേപം വർധിപ്പിക്കാൻ യുഎഇ ലക്ഷ്യമിടുന്നു.

Read More: 12 രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് വിസ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തലാക്കി

മുൻപുള്ള കമ്പനി നിയമപ്രകാരം യുഎഇയിൽ ലിമിറ്റഡ് ലയബിലിറ്റി കമ്പനികൾ (എൽഎൽസി) തുടങ്ങുമ്പോൾ വിദേശ പൗരൻമാർക്ക് പരമാവധി 49 ശതമാനമായി ഉടമസ്ഥാവകാശം നിജപ്പെടുത്തിയിരുന്നു. യുഎഇ പൗരനോ, പൂർണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവണം ബാക്കി 51% ഉടമസ്ഥാവകാശം എന്നും പഴയ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ പ്രവാസികളുടെ ഉടമസ്ഥാവകാശം നൂറ് ശതമാനമായി മാറും.

നിയമ ഭേദഗതിയെ പ്രവാസി വ്യവസായികൾ സ്വാഗതം ചെയ്തു. ഇതൊരു നാഴികക്കല്ലാണെന്നും കൃത്യ സമയത്താണ് ഈ നിയമനിർമാണം വന്നതെന്നും മലയാളി വ്യവസായി എംഎ യൂസുഫലി പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയെ നേരിടുമ്പോൾ വ്യവസായ രംഗത്തെ സഹായിക്കാൻ ഈ നിയമനിർമാണം സഹായകമാവുമെന്ന് കരുതുന്നുവെന്നും യൂസുഫലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook