പ്രവാസികളുടെ എൻട്രി, താമസ വിസകളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി.
“ലോകമെമ്പാടുമുള്ള ആഗോള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും, തൊഴിൽ വിപണിയുടെ മത്സരക്ഷമതയും വഴക്കവും വർദ്ധിപ്പിക്കുന്നതിനും യുഎഇ നിവാസികൾക്കും കുടുംബങ്ങൾക്കും ഇടയിൽ ഉയർന്ന സ്ഥിരത വളർത്തുന്നതിനും പുതിയ പ്രവേശന, താമസ സംവിധാനം ലക്ഷ്യമിടുന്നു,” കാബിനറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
പുതിയ മാറ്റങ്ങൾ പ്രകാരം ഗോൾഡൻ റെസിഡൻസ് സ്കീം യോഗ്യതാ മാനദണ്ഡങ്ങൾ ലളിതമാക്കുകയും ഗുണഭോക്താക്കളുടെ വിഭാഗങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. നിക്ഷേപകർ, സംരംഭകർ, അസാധാരണ പ്രതിഭകൾ, ശാസ്ത്രജ്ഞർ, പ്രൊഫഷണലുകൾ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ തുടങ്ങിയവർക്ക് 10 വർഷത്തെ താമസം അനുവദിച്ചിരിക്കുന്നു. ഗോൾഡൻ റസിഡൻസ് ഉടമയ്ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും അനുമതി ലഭിക്കും.
പ്രതിഭകൾ, വിദഗ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവരെ ആകർഷിക്കാൻ അഞ്ച് വർഷത്തെ താമസ വിസക്കും അനുമതി നൽകി.
എൻട്രി വിസകളിൽ ഒരു ഹോസ്റ്റോ സ്പോൺസറോ ആവശ്യമില്ലാതെ പുതിയ തരം വിസകൾ യുഎഇ അവതരിപ്പിച്ചു. കൂടാതെ, എല്ലാ എൻട്രി വിസകളും സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രിക്ക് ലഭ്യമാണ്. അവ സമാനമായ കാലയളവിലേക്ക് പുതുക്കാനും കഴിയും.
ജോബ് എക്സ്പ്ലോറേഷൻ എൻട്രി വിസയും യുഎഇ അവതരിപ്പിച്ചു, ഇതിന് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.
യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിന് നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെയുള്ള പ്രവേശനം അനുവദിക്കുന്ന ബിസിനസ് എൻട്രി വിസയും യുഎഇ അവതരിപ്പിച്ചിട്ടുണ്ട്.