ദുബായ്: യുഎഇയുടെ 47-ാമത് ദേശീയ ദിനം പ്രമാണിച്ച് എക്സ്പോ 2020 യുഎഇയുടെ ദേശീയ ഗാനത്തിന്റെ രണ്ട് മിനിറ്റ് 46 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി. 190 രാജ്യങ്ങളിലെ സംഗീതജ്ഞർ ഒരു കുടക്കീഴിൽ അണിനിരക്കുന്നുവെന്നതാണ് വീഡിയോയുടെ പ്രത്യേകത.
190 രാജ്യങ്ങളിൽനിന്നുളള സംഗീതജ്ഞരും കുട്ടികളും എക്സ്പോ 2020യുടെ സന്നദ്ധപ്രവർത്തകരും ചേർന്ന് യുഎഇയുടെ ദേശീയ ഗാനമായ ഇഷി ബിലാദി അവതരിപ്പിക്കുന്ന വിഡീയോ ചിത്രീകരിച്ചത് മരുഭൂമിയിലാണ്. മരുഭൂമിയിൽ ഒരുക്കിയ വലിയ വേദിയിലാണ് സംഗീതം അവതരിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ സംഗീതജ്ഞർ മരുഭൂമിയിലെ ഒഴിഞ്ഞു കിടക്കുന്ന വേദിയിലേക്ക് എത്തി വാദ്യോപകരണങ്ങൾ വായിച്ചു നോക്കുന്ന ദൃശ്യങ്ങളോടെയാണ് ഇഷി ബിലാദിയുടെ വീഡിയോ ആരംഭിക്കുന്നത്. പ്രഭാതത്തിൽ തുടങ്ങി സായാഹ്നത്തിൽ അവസാനിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോ സംവിധാനം നിർവഹിച്ചത് യുഎഇയിലെ ആദ്യ വനിത സംവിധായകയും അവാർഡ് ജേതാവ് കൂടിയായ നയ്‌ലാ അൽ ഖാജയാണ്. മരുഭൂമിയിൽ നിന്നും ഇന്ന് കാണുന്ന രീതിയിൽ യുഎഇയെ കെട്ടിപ്പൊക്കിയതിനെ സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 47 വർഷങ്ങൾക്കു മുൻപ് ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഏഴ് എമിറേറ്റുകളെ ഒരുമിപ്പിക്കുകയും പിന്നീട് മറ്റുളളവയും കൂടിച്ചേരുകയും ചെയ്തതിനെയാണ് ആദ്യം ഏഴ് സംഗീതജ്ഞർ വേദിയിലെത്തി ഉപകരണങ്ങളുടെ ശ്രുതി ചേർക്കുന്നതും, പിന്നാലെ മറ്റു സംഗീതജ്ഞർ എത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നയ്‌ലാ അൽ ഖാജ പറഞ്ഞു.
യുഎഇയുടെ ദേശീയ ഗാനം ഇഷി ബിലാദി അർത്ഥമാക്കുന്നത് ‘എന്റെ രാജ്യം നീണാൾ വാഴട്ടെ’ എന്നാണ്.