അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്നു മുതല്‍ അഞ്ചിനു രാവിലെ 7:59 വരെ അബുദാബിയില്‍ പാര്‍ക്കിങ്ങും ഡാര്‍ബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യം. മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐ ടി സി) വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പതിവായി നടത്തുന്ന ഷെഡ്യൂള്‍ അനുസരിച്ചായിരിക്കും പൊതു ബസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുക.
അബുദാബിയിലുടനീളമുള്ള കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകള്‍ നാലു വരെ പ്രവര്‍ത്തിക്കില്ല. അഞ്ചിന് ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്ന് ഐ ടി സി അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് ഐ ടി സി വെബ്സൈറ്റ് വഴിയും ഡാര്‍ബ്, സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോം സേവനങ്ങള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ ഏകീകൃത സേവന പിന്തുണാ കേന്ദ്രവുമായി അതിന്റെ ടോള്‍ ഫ്രീ നമ്പറായ 800850, ടാക്സി കോള്‍ സെന്റര്‍ 600535353 എന്നിവയില്‍ 24 മണിക്കൂറും ലഭ്യമാണ്.
ഔദ്യോഗിക അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടയുന്നതും ഒഴിവാക്കണമെന്ന് ഐ ട ിസി ഡ്രൈവര്‍മാരോട് നിര്‍ദേശിച്ചു. നിയുക്ത സ്ഥലങ്ങളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യണം. രാത്രി ഒന്‍പതു മുതല്‍ രാവിലെ എട്ടു വരെ പാര്‍പ്പിട പാര്‍ക്കിങ് സ്ഥലങ്ങളിലെ പാര്‍ക്കിങ് ഒഴിവാക്കണമെന്നും ഐ ടി സി നിര്‍ദേശിച്ചു.