ദുബായ്: യുഎഇ ദേശീയ ദിന അവധി അടുത്തിരിക്കെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനികളായ എമിറേറ്റ്സ് എയർസലൈൻസും എയർ അറേബ്യയും.
എമിറേറ്റ്സ് വിവിധ ഇടങ്ങളിലേക്ക് സ്പെഷൽ നിരക്കുകൾ പ്രഖ്യാപിച്ചു. 2022 ജൂൺ 15 വരെയുള്ള യാത്രകൾക്കായി ഡിസംബർ അഞ്ച് വരെ ഈ നിരക്കുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
ലണ്ടനിലേക്ക് ഇക്കണോമിയിൽ 2,195 ദിർഹവും ബിസിനസ്സിൽ 11,255 ദിർഹവും, ബാങ്കോക്കിലേക്ക് ഇക്കണോമിയിൽ 2,045 ദിർഹവും ബിസിനസ്സിൽ 8,555 ദിർഹവും കുവൈറ്റിലേക്കും 1,395 ദിർഹം മുതൽ 6,995 ദിർഹം വരെയുമായിരിക്കും പ്രത്യേക നിരക്ക്. ന്യൂയോർക്കിലേക്ക് 3,195 ദിർഹവും 14,555 ദിർഹവും, മൗറീഷ്യസിലേക്ക് 4,145 ദിർഹവും 11,555 ദിർഹവുമാണ് പ്രത്യേക നിരക്ക്.
എമിറേറ്റ്സ് ഹോളിഡേയ്സിലൂടെ തങ്ങളുടെ അവധിക്കാല പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ, ഹോട്ടലുകളിൽ 50 ശതമാനം കിഴിവ് അടക്കമുള്ള കോംപ്ലിമെന്ററി ആനുകൂല്യവും ലഭിക്കും.
എയർ അറേബ്യ പ്രത്യേക നിരക്കിലുള്ള യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. മടക്കയാത്രയും പ്രഭാതഭക്ഷണം സഹിതം മൂന്ന് രാത്രി ഹോട്ടലിൽ താമസവും അടക്കമുള്ള പാക്കേജുകൾ ഇതിൽ ഉൾപ്പെടുന്നു.
സലാല, ഇസ്താംബുൾ, കിയെവ്, മോസ്കോ, ട്രാബ്സൺ, ബാക്കു, യെരേവൻ, ടിബിലിസി,ബിഷ്കെക്ക്, അൽമാട്ടി, താഷ്കെന്റ്, നെയ്റോബി എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നാല് ദിവസത്തെ അവധി ആസ്വദിക്കാവുന്ന വിധത്തിലാണ് പാക്കേജുകൾ. 1,249 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകളിൽ ഇത് ലഭ്യമാണ്.
എയർ അറേബ്യയുടെ വെബ്സൈറ്റ് വഴിയോ കോൾ സെന്ററിൽ വിളിച്ചോ ട്രാവൽ ഏജൻസികൾ വഴിയോ ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്യാം.