ദുബായ്: യുഎഇയിലെ പള്ളികളിൽ ഡിസംബർ നാലുമുതൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാരംഭിക്കുമെന്ന് യുഎഇയിലെ നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു. എന്നാൽ 30% പേർക്ക് മാത്രമേ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂവെന്നും എൻസിഇഎംഎ വ്യക്തമാക്കി.

പ്രാർഥനയ്ക്കെത്തുന്നവർ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. പ്രാർഥനാ സമയത്ത് ഉപയോഗിക്കുന്ന വിരിപ്പായ മുസല്ല വ്യക്തിഗതമായി കൊണ്ടുവരികയും വേണം. പ്രായമുള്ളവരും അസുഖങ്ങളുള്ളവരും വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തരുതെന്നും അധികൃതർ നിർദേശിച്ചു.

പ്രഭാഷണത്തിന് (ഖുത്ബ) 30 മിനിറ്റ് മുമ്പ് പള്ളികൾ തുറക്കുകയും പ്രാർത്ഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് അടയ്ക്കുകയും ചെയ്യും. പ്രഭാഷണവും പ്രാർത്ഥനയും ആകെ10 മിനിറ്റ് സമയം നീണ്ടുനിൽക്കും.

പള്ളികളിലെ വുളു സൗകര്യങ്ങളും വാഷ്‌റൂമുകളും അടച്ചിരിക്കും. ആരാധകർ വീട്ടിൽ നിന്ന് വുളു നിർവഹിക്കണമെന്നും എൻസിഇഎംഎ നിർദേശിച്ചു.

കോവിഡ്19 വ്യാപനത്തെ തുടർന്ന് യുഎഇയിലെ പള്ളികൾ അടച്ചതിന് ശേഷം ജൂലൈ ഒന്നിന്‌ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിരുന്നു. പള്ളികളിൽ സാധാരണ പ്രാർഥനകൾക്ക് ഒരു നേരം നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകിക്കൊണ്ടായിരുന്നു ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook