ദുബായ്: യുഎഇയിലെ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കു സന്തോഷവാര്‍ത്ത. വോയ്‌സ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ നീക്കിയേക്കും. വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ച സാഹചര്യത്തിലാണു യുഎഇയുടെ നടപടി.

വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ചതായും വോയ്‌സ് കോളുകള്‍ക്കുള്ള വിലക്ക്
ഉടന്‍ പിന്‍വലിച്ചേക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. വിവിധ വശങ്ങളില്‍ വാട്‌സ്ആപ്പുമായി മികച്ച ധാരണയിലാണ് ഇപ്പോഴുള്ളതെന്ന് യുഎഇയുടെ ദേശീയ ഇലക്‌ട്രോണിക് സുരക്ഷാ അതോറിറ്റി (നെസ) എക്‌സിക്യുട്ടീവ് ഡയരക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: ‘ഇനി അത് പറ്റില്ല’; പുതിയ പരിഷ്കരണവുമായി വാട്സാപ്

”വാട്‌സാപ്പുമായുള്ള സഹകരണം വര്‍ധിച്ചു. ഞങ്ങള്‍ നിരവധി വശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ യുഎഇയില്‍ സഹകരിക്കുകയും പല പദ്ധതികളിലും നല്ല ധാരണയുണ്ടാവുകയും ചെയ്തിട്ടുണ്ട്. വാട്‌സാപ്പിന്റെ വോയ്സ് കോളുകള്‍ക്കോ മറ്റു പല കാര്യങ്ങളുടെ പ്രക്ഷേപണത്തിനോ ഏര്‍പ്പെടുത്തിയ നിരോധനം ഉടന്‍ നീക്കിയേക്കാം. യുഎഇ ടെലി കമൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(ടിആര്‍എ)യില്‍നിന്ന് ഞങ്ങള്‍ മനസിലാക്കുന്നത് ഇതാണ്,” സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

വാട്‌സാപ്പിനു പുറമെ സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം എന്നിവയിലൂടെയുള്ള വോയ്‌സ് കോളുകള്‍ക്കും യുഎഇയില്‍ നിരോധനമുണ്ട്. നിരോധനം നീക്കാന്‍ വിവിധ മേഖലയിലുള്ളവര്‍ അധികൃതരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കോളുകള്‍ നിരോധിച്ച യുഎഇ പകരം പ്രാദേശികമായി അംഗീകരിക്കപ്പെട്ട വോയ്സ് കോള്‍ ആപ്ലിക്കേഷനുകളായ ബോട്ടിം, സി’മെ, ഹിയു മെസഞ്ചര്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook