scorecardresearch

യു എ ഇയിൽ ഇനി വിമാനങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമല്ല; ഇളവുകൾ അറിയാം

മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും 28 മുതൽ മാസ്‌കില്ലാതെ പോകാം

യു എ ഇയിൽ ഇനി വിമാനങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമല്ല; ഇളവുകൾ അറിയാം

അബുദാബി: പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ കോവിഡ് സുരക്ഷാ ചടങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി യു എ ഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍സെമ)യുടേതാണു തീരുമാനം. ഇളവുകള്‍ 28നു പ്രാബല്യത്തില്‍ വരും.

മിക്ക ഇടങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമല്ലെന്നു സര്‍ക്കാര്‍ വക്താവ് വര്‍ച്വല്‍ ബ്രീഫിങ്ങില്‍ അറിയിച്ചു. ഇനി മുതല്‍ വിമാനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ വിമാനക്കമ്പനികള്‍ക്കു വേണമെങ്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നതു തുടരാം. സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമല്ല. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും മാസ്‌കില്ലാതെ പോകാം.

2019 ഡിസംബറില്‍ ലോകാരോഗ്യ സംഘടന ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്ത് ആയിരാമത്തെ ദിവസമാണു യു എ ഇ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 28 മുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നു ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയും വ്യക്തമാക്കി.

അതേസമയം, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, പള്ളികള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ ഭക്ഷ്യസേവന ദാതാക്കളും കോവിഡ് രോഗികളും രോഗമുണ്ടെന്നു സംശയിക്കപ്പെടുന്നവരും മാസ്‌ക് ധരിക്കണം.

കോവിഡ്-19 ഹോം ഐസൊലേഷന്‍ കാലാവധി 10 ദിവസത്തില്‍നിന്ന് അഞ്ചായി കുറച്ചു. കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ മാത്രം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. രോഗിയുമായി അടുത്തിടപഴകിയ രോഗലക്ഷണങ്ങളില്ലാത്തര്‍ക്കു ക്വാറന്റീന്‍ വേണ്ട. അല്‍ ഹോസ്ന്‍ ആപ്പ് ഗ്രീന്‍ ആയി നിലനിര്‍ത്താന്‍ അബുദാബി നിവാസികള്‍ ഇനി 30 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തണം. നേരത്തെ ഇത് 14 ദിവസം കൂടുമ്പോഴായിരുന്നു. ആരാധന കേന്ദ്രങ്ങളില്‍ പരസ്പരം അകലം പാലിക്കണമെന്ന നിബന്ധന ഒഴിവാക്കി.

യു എ ഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന നിബന്ധന രണ്ടര വര്‍ഷമായി നിലനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതും മൂന്നു മാസമായി ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതുമാണു സുരക്ഷാ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കാരണമായത്.

ജൂലൈയില്‍ 1,800 ആയിരുന്ന പ്രതിദിന കേസുകള്‍ ഓഗസ്റ്റില്‍ ഏകദേശം 1,100 ആയി കുറഞ്ഞു. സെപ്റ്റംബര്‍ ആദ്യം അഞ്ഞൂറോളമായിരുന്നു പ്രതിദിന കേസുകളെങ്കില്‍ ഇന്നത് 300 മാത്രമാണ്. ഈ വര്‍ഷം ജനുവരിയില്‍ പ്രതിദിന കേസുകളുടെ എണ്ണം മൂവായിരത്തിലേറെയായി കുതിച്ചുയര്‍ന്നിരുന്നു. ഏപ്രിലില്‍ കേസുകള്‍ ഇരുന്നൂറില്‍ താഴെയായി കുറഞ്ഞെങ്കിലും ജൂണില്‍ വീണ്ടും ഉയരുകയായിരുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സര്‍ക്കാര്‍ ഇനി പ്രസിദ്ധീകരിക്കില്ല

എന്‍സെമ ഉത്തരവ് സാധാരണഗതിയില്‍ അബുദാബിക്കു മാത്രമാണു ബാധകം. എന്നാല്‍ എന്നാല്‍ മറ്റ് എമിറേറ്റുകളും സമാന തീരുമാനം കൈക്കൊള്ളുമെന്നാണു കരുതപ്പെടുന്നത്.

യു എ ഇയില്‍ ഇതുവരെ 2.5 കോടി കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡോസ് നല്‍കിയിട്ടുണ്ട്. യോഗ്യരായ 100 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae mask not mandatory in most public places all you need to know

Best of Express