ദുബായ്: പ്രവാസി സമൂഹങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും വിജ്ഞാനവും വിനോദവും പകരാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഓണ്‍ലൈന്‍ ഡിജിറ്റല്‍ റേഡിയോ സ്റ്റേഷനുമായി യു ഇ എ. 360 റേഡിയോ എന്ന ബഹുഭാഷാ സ്റ്റേഷന് അജ്മാനിലെ നിലയത്തില്‍ നടന്ന ചടങ്ങില്‍ അറബ് ടെലിവിഷന്‍-റേഡിയോ രംഗത്തെ കുലപതി അബു റാഷിദ് ഉദ്ഘാടനം ചെയ്തു.
പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമായി വിനോദവും വിദ്യാഭ്യാസവും ഒരുപോലെ സമ്മേളിക്കുന്ന പരിപാടികളാണ് 360 റേഡിയോയുടെ സവിശേഷത. ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളില്‍ ഒരേപോലെ സ്റ്റേഷന് പ്രവര്‍ത്തിക്കും. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലുള്ള പരിപാടികളും വിവിധ സന്ദര്‍ഭങ്ങളില്‍ പ്രക്ഷേപണം ചെയ്യും.
യു എ ഇയിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും പ്രഭാഷണങ്ങള്‍ക്കും ശില്‍പ്പശാലകള്‍ക്കും സംഭാഷണങ്ങള്‍ക്കും 360 റേഡിയോ വേദിയാകും. കുടുംബങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കേള്‍ക്കാനുള്ള പരിപാടികള്‍ക്കു പുറമെ ഇമാറാത്തി സംസ്കാരത്തെയും ചരിത്രത്തെയും പ്രവാസത്തിന്റെ ആദ്യകാലത്തെ കഥകളെയും ജീവിതങ്ങളെയും റേഡിയോ പരിചയപ്പെടുത്തും. കലാ-സാംസ്കാരിക-കച്ചവട- കാരുണ്യമേഖലകളില്നിന്നുള്ള പ്രവാസികളുമായുള്ള മുഖാമുഖങ്ങളും പരിപാടി പട്ടികയിലുണ്ട്. ഇതിനു പുറമെ ഗാനങ്ങളും വിനോദപരിപാടികളും വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യും.
”നല്ല ആശയവുമായാണ് 360 റേഡിയോയുടെ തുടക്കം. അതു വിദ്യാര്‍ഥികളെയും കുടുംബത്തെയും ഒരുപോലെ ലക്ഷ്യമിടുന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വിഭാവനം ചെയ്തതുപോലെ, യു എ ഇ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്കാരം പിന്തുടരുന്ന രാജ്യമാണ്. അതിനാല്‍ വിവിധ ഭാഷകളും സംസ്കാരവുമുള്‍ക്കൊള്ളുന്ന പരിപാടികളുമായി മുന്നോട്ടുപോകാന്‍ 360 റേഡിയോക്കു കഴിയട്ടെ,” അബു റാഷിദ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.
”യുഎഇയുടെ സാംസ്കാരിക വൈവിധ്യത്തെയും വിശ്വപൗരത്വത്തെയും 360 റേഡിയോ കൊണ്ടാടുന്നു. നമ്മില്‍ നിന്ന് വ്യത്യസ്തരായ മനുഷ്യരെ കേള്‍ക്കുന്നതും അറിയുന്നതും ലോകത്തെപ്പറ്റി നമ്മെ പലതും പഠിപ്പിക്കും. അതുകൊണ്ടാണു ‘കേള്‍ക്കുന്നത് നന്മയാണ്’ എന്നത് 360 റേഡിയോ തങ്ങളുടെ അടയാളവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. പോറ്റുന്ന നാടിനെ കൂടുതല്‍ അറിയാനും അതെ സമയം പിറന്ന നാടിന്റെ ഭാഷയെയും സംസ്കാരത്തെയും ഓര്‍ക്കുവാനും ഉള്ള വേദിയൊരുക്കുകയുമാണ് ഈ പുതിയ റേഡിയോയുടെ ദൗത്യമെന്നു ഞങ്ങള്‍ കരുതുന്നു,” അജ്മാന് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും റേഡിയോ 360 ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഐമി പറഞ്ഞു.
ഓണ്‍ലൈന്‍ റേഡിയോ രംഗത്ത് ഗള്‍ഫിലെ ഇത്തരത്തിലുള്ള ആദ്യ കാല്‍വയ്പാണ് 360 റേഡിയോ. സ്ഥലത്തിന്റെയോ ഫ്രീക്വന്‍സി പരിമിധികളൊന്നുമില്ലാതെ, മൊബൈല്‍ ഫോണുകളിലൂടെയും മറ്റും കേള്‍വിക്കാരന്റെ സൗകര്യത്തിനനുസരിച്ചു കേള്‍ക്കാനും റെക്കോര്‍ഡ് ചെയ്യാനും കഴിയും.
360 റേഡിയോ ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസപരിപാടികള്‍ പോഡ്കാസ്റ്റുകളായി സ്റ്റേഷന് വെബ്സൈറ്റിലൂടെയും പ്രവാസികള്‍ക്കായുള്ള വാര്‍ത്തകള്‍, യുവാക്കളുടെ പരിപാടികള്‍ എന്നിവ സാമൂഹ്യമാധ്യമങ്ങളിലൂടെയും ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശ്രോതാക്കള്‍ക്കും വീട്ടമ്മമാര്‍ക്കുമായി ഒട്ടേറെ മത്സരങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.