ദുബായ്: പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ പെന്ഷന് പദ്ധതി ആരംഭിച്ച് യു എ ഇ. ഇന്‍വെസ്റ്റ്മെന്റ് കോര്പറേഷന് ഓഫ് ദുബായിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ബോണ്ട്സാണു വിദേശ ജീവനക്കാരെ സാമ്പത്തിക ആസൂത്രണത്തില്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി പ്രഖ്യാപിച്ചത്.
ജീവനക്കാര്‍ക്കു പ്രതിമാസം 100 ദിര്‍ഹം വരെ പെന്ഷന് പദ്ധതിയിലേക്കു നീക്കിവയ്ക്കാനും ലാഭം നേടാനും കഴിയും. ജീവനക്കാര്‍ക്കു സ്ഥാപനം നല്കുന്ന ഗ്രാറ്റുവിറ്റിക്കു പുറമേയാണ് ഈ തുക.
യു എ ഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. തൊഴിലുടമകളില്‍നിന്നും ജീവനക്കാരില്നിന്നുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണു പെന്ഷന് പദ്ധതി ആവിഷ്കരിച്ചതെന്നു ശരിഅ മാനദണ്ഡങ്ങള്‍ അനുസൃതമായുള്ള സമ്പാദ്യ, നിക്ഷേപ കമ്പനിയായ ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ഓഫ് ദുബായ് വ്യക്തമാക്കി.
യു എ ഇ ജനസംഖ്യയുടെ 89 ശതമാനം വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എട്ടു ലക്ഷത്തോളം പ്രവാസികളാണു യു എ ഇയിലുള്ളത്.
രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു നാഷണല്‍ ബോണ്ടുകള്‍ നല്കുന്ന റിട്ടേണുകള്‍ വഴിയുള്ള റിട്ടേണുകള്‍ വിരമിച്ചശേഷമുള്ള ജീവിത്തിന്റെ ആസൂത്രണത്തിനു പദ്ധതി വഴിയൊരുക്കുമെന്നു കമ്പനി അറിയിച്ചു. ഇതോടൊപ്പം ജീവനക്കാരെ നിലനിര്‍ത്താനുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
”ദേശീയ ബോണ്ടുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോര്‍പ്പറേറ്റുകളുടെ ജീവനക്കാരുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ സഹായിക്കുകയാണ് ഈ മഹത്തായ സംരംഭം ലക്ഷ്യമിടുന്നത്. യു എ ഇയിലെ ജനസംഖ്യയുടെ 89 ശതമാനം വരുന്ന പ്രവാസികളെ ലക്ഷ്യം വച്ചുള്ള പദ്ധതി, ജീവനക്കാരെ വിരമിക്കല്‍ ആസൂത്രണത്തില്‍ മികച്ച തുടക്കത്തിനു സഹായിക്കും. പദ്ധതിക്കു കീഴില്‍ നാഷണല്‍ ബോണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ മത്സരാധിഷ്ഠിത റിട്ടേണുകള്‍ വഴി അവരുടെ സാമ്പത്തിക പ്രതിരോധം ശക്തിപ്പെടുത്തും,” നാഷണല്‍ ബോണ്ട്സ് പ്രസ്താവനയില്‍ പറഞ്ഞു.
യു എ ഇ പ്രവാസികളില്‍ 45 ശതമാനവും തങ്ങളുടെ സുവര്‍ണ വര്‍ഷങ്ങളിലേക്കായി ഇതുവരെ സമ്പാദ്യം ആരംഭിച്ചിട്ടില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയായ ഫ്രണ്ട്സ് പ്രൊവിഡന്റ് ഇന്റര്‍നാഷണല്‍ ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 55 വയസില്‍ വിരമിക്കുമെന്നാണു യു എ ഇയിലെ 44 ശതമാനം ആളുകള്‍ കരുതുന്നത്. 63 ശതമാനം പേര് 60 വയസ് തികയുന്നതിന് മുമ്പ് വിരമിക്കല്‍ പ്രതീക്ഷിക്കുന്നതായും 1,000 പേരെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ പറയുന്നു.