ദുബായ്: മനുഷ്യ ഇടപെടലില്ലാതെ തൊഴില്‍ കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം ആരംഭിച്ച് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം.
യു.എ.ഇ.യിലെ സുപ്രധാന മേഖലകളില്‍ സ്വീകരിക്കേണ്ട സംയോജിത ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ട് നിര്‍മിത ബുദ്ധി (എ ഐ)യുടെ ആഗോള നേതാവായി യു എ ഇയെ അടയാളപ്പെടുന്ന ലക്ഷ്യമിട്ടുള്ള നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി 2031 ഭാഗമായാണിത്.
പുതിയതും പുതുക്കിയതുമായ തൊഴില്‍ കരാറുകള്‍ ഉള്‍പ്പെടെ, ഇരു കക്ഷികളുടെയും ഒപ്പ് പരിശോധിച്ചശേഷം പുതിയ സംവിധാനം ആരംഭിച്ചതിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ മുപ്പത്തി അയ്യായിരത്തിലധികം കരാറുകള്‍ പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു.
”പുതിയ സംവിധാനം ഇമേജുകള്‍ പ്രോസസ് ചെയ്യാനും പരിശോധിക്കാനും നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഇത് ഒരു ഇടപാടിന്റെ ദൈര്‍ഘ്യം രണ്ടു ദിവസത്തില്‍നിന്ന് 30 മിനുട്ടായി കുറയ്ക്കും. അതുപോലെ തെറ്റുകളും കുറയ്ക്കും,” മന്ത്രാലയം പറഞ്ഞു.
യു എ ഇ ശതാബ്ദി 2071-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ഭാവി സേവനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും അടിത്തറയായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗവണ്‍മെന്റിനെത്തുടര്‍ന്നുള്ള പുതിയ ഘട്ടമാണ് ഈ സംവിധാനം.