ദുബായ്: വിനോദസഞ്ചാരികള്‍ക്കായി 100 ശതമാനം ഡിജിറ്റല്‍ വാറ്റ് റീഫണ്ട് പദ്ധതി ആരംഭിച്ച് യു എ ഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ് ടി എ). പ്ലാനറ്റ് ടാക്‌സ് ഫ്രീയുടെ പങ്കാളിത്തത്തോടെയാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്.
റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്കും നികുതി റീഫണ്ട് പദ്ധതിക്കുമിടയില്‍ ഇലക്ട്രോണിക് രീതിയിലാണു പുതിയ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നത്. ഇതു വിനോദസഞ്ചാരികള്‍ക്ക് ഇന്‍വോയ്സുകള്‍ നല്‍കാനും അയയ്ക്കാനും പരിഷ്‌കരിക്കാനും സേവ് ചെയ്യാനും തടസമില്ലാത്ത ഡിജിറ്റല്‍ പ്രക്രിയ ഉറപ്പാക്കുന്നു.
പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്കു ലളിതവും ഫലപ്രദവും സുഗമവുമായ നികുതി-റീഫണ്ട് പ്രക്രിയ ഉറപ്പാക്കുന്നതായി എഫ് ടി എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു.
ഉപഭോക്കാക്കള്‍ക്കു നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാട് പൂര്‍ത്തിയാക്കാനും ഡിജിറ്റല്‍ ഇന്‍വോയ്സ് സ്വീകരിക്കാനും കഴിയുമെന്നു പ്ലാനറ്റ് ടാക്സ് ഫ്രീ ജനറല്‍ മാനേജര്‍ ഇയാദ് അല്‍ കൂര്‍ദി പറഞ്ഞു. ഹോട്ടലുകള്‍, ഷോപ്പിങ് സെന്ററുകള്‍, മാളുകള്‍, മറ്റ് റീട്ടെയില്‍ ലൊക്കേഷനുകള്‍ എന്നിവയുമായി ഇലക്ട്രോണിക് ടാക്‌സ് റീഫണ്ട് സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു.
യു എ ഇയില്‍നിന്ന് മടങ്ങുമ്പോള്‍ വിനോദസഞ്ചാരികള്‍ക്കു ലളിതവും വേഗമേറിയതും തടസരഹിതവുമായ ഇടപാട് സാധ്യമാക്കാനായി പുറപ്പെടല്‍ കേന്ദ്രത്തിലെ നൂറിലധികം സെല്‍ഫ് സര്‍വീസ് കിയോസ്‌കളിലൊന്ന് ഉപയോഗപ്പെടുത്താം.
പുതിയ സംവിധാനതേത്താടെ 35 ക്ഷത്തിലധികം പരമ്പരാഗത കടലാസ് ഇന്‍വോയ്സുകള്‍ ഡിജിറ്റലായി മാറുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
നടപ്പുവര്‍ഷത്തില്‍ യു എ ഇയിലെ വിനോദസഞ്ചാരികളുടെ വാറ്റ് റീഫണ്ട് ഇടപാടുകള്‍ 104.15 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ ഇടപാടുകളുടെ എണ്ണം ഇരട്ടിയായി 23.1 ലക്ഷമായി ഉയര്‍ന്നു. 2021-ല്‍, ഇതേ കാലയളവില്‍ 11.3 ലക്ഷം ഇടപാടുകളാണു റജിസ്റ്റര്‍ ചെയ്തത്. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ റീഫണ്ടുകളുടെ മൊത്തം മൂല്യം 113.48 ശതമാനം വര്‍ധിച്ചു.