ദുബായ്: സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കായി യു എ ഇ പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി പുതുവത്സരദിനത്തില്‍ പ്രാബല്യത്തില്‍. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമായ ഈ ഇന്‍ഷുറന്‍സ് പദ്ധതി ജീവനക്കാര്‍ക്കു പൊടുന്നനെ ജോലി നഷ്ടപ്പെട്ടാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു.
നഷ്ടപരിഹാരം ലഭിക്കാന്‍ ജീവനക്കാര്‍ പദ്ധതിയിലേക്കു പ്രീമിയം അടയ്ക്കണം. മാസം അഞ്ച് മുതല്‍ 10 ദിര്‍ഹം വരെയാണു പ്രീമിയം അടയ്ക്കേണ്ടി വരിക. മൂന്നു മാസത്തിലൊരിക്കലോ ആറു മാസം കൂടുമ്പോഴോ വര്‍ഷത്തേക്കു മൊത്തമായോ പ്രീമിയം അടയ്ക്കാം.
പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കു അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം (പാക്കേജിനെ ആശ്രയിച്ച് മാസം 10,000 ദിര്‍ഹം, 20,000 ദിര്‍ഹം എന്നിങ്ങനെ) തുകയാണു നഷ്ടപരിഹാരമായി ലഭിക്കുക. ക്ലെയിം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നു ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ച വിശദീകരണത്തില്‍ പറയുന്നു.
തൊഴില്‍ നഷ്ടപ്പെട്ട തീയതി മുതല്‍ പരമാവധി മൂന്നു മാസം വരെ മാത്രമേ തുക ലഭിക്കൂ. നഷ്ടപരിഹാരം അര്‍ഹിക്കുന്ന കാലയളവില്‍ ജീവനക്കാര്‍ മറ്റൊരു ജോലിയില്‍ ചേര്‍ന്നാല്‍ തുക നിര്‍ത്തലാക്കും.
നിക്ഷേപകര്‍ (സ്ഥാപനങ്ങളുടെ ഉടമകള്‍), വീട്ടുജോലിക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, 18 വയസിനു താഴെയുള്ളവര്‍, വിരമിക്കല്‍ പെന്‍ഷന്‍ സ്വീകരിക്കുകയും പുതിയ ജോലിയില്‍ ചേരുകയും ചെയ്തവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാമെന്നാണു ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. അധിക ആനുകൂല്യങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തയാളും സേവന ദാതാവും തമ്മില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണു നഷ്ടപരിഹാരം നല്‍കുക. അവ ഇങ്ങനെ:
- സബ്‌സ്‌ക്രിപ്ഷന്‍ തീയതി മുതല്‍ തുടര്‍ച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ഇന്‍ഷ്വര്‍ ചെയ്ത ജീവനക്കാര്‍ക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത.
- ജോലിയില്‍നിന്നു പിരിച്ചുവിട്ടപ്പെട്ട ആര്‍ക്കും (അച്ചടക്ക കാരണങ്ങളോ രാജിയോ ഒഴികെ) പരമാവധി മൂന്നു മാസത്തേക്കാണു നഷ്ടപരിഹാരത്തിന് അര്‍ഹത
- അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവര്‍ക്കു മാസം 10,000 ദിര്‍ഹം വരെ നഷ്ടപരിഹാരം ലഭിക്കും
- അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ക്കു ലഭിക്കാവുന്ന പരമാവധി നഷ്ടപരിഹാരം 20,000 ദിര്‍ഹം
- ക്ലെയിമില്‍ തട്ടിപ്പോ കൃത്രിമമോ കണ്ടെത്തിയാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനം യഥാര്‍ത്ഥമല്ലെന്നു കണ്ടെത്തിയാലും നഷ്ടപരിഹാരം ലഭിക്കില്ല. പിഴ ഈടാക്കുകയും ചെയ്യും.