അബുദാബി: രാജ്യത്തിന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മേജർ ഹസ അല്‍ മന്‍സൂരിയോടുള്ള ആദരസൂചകമായി പ്രത്യേക നാണയം പുറത്തിറക്കി യുഎഇ. 40 ഗ്രാമുള്ള വെള്ളിനാണയമാണു യുഎഇ സെന്‍ട്രല്‍ ബാങ്ക് ഇന്നു പുറത്തിറക്കിയത്.

നാണയത്തില്‍ ഹസ അല്‍ മന്‍സൂരിയുടെ ചിത്രവും അതിനു താഴെയായി ബഹിരാകാശ ദൗത്യത്തിന്റെ പേരായ ‘യുഎഇ മിഷന്‍ 1’ എന്നും വിക്ഷേപണ തീയതിയായ ‘2019 സെപ്റ്റംബര്‍ 25’ എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ബാങ്കിന്റെ ആസ്ഥാനത്തും യുഎഇയിലുടനീളമുള്ള ശാഖകളിലും നാണയം ലഭിക്കും. 300 ദിര്‍ഹ(5800 രൂപ)മാണു വില.

ബഹിരാകാശത്തെത്തിയ ആദ്യത്തെ എമിറാത്തിയും അറബ് യാത്രികനുമായ ഹസ അല്‍ മന്‍സൂരിയുടെ ശ്രമങ്ങളില്‍ അഭിമാനിക്കുന്നതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാറക് റഷീദ് അല്‍ മന്‍സൂരി പറഞ്ഞു. മന്‍സൂരിയുടെ ചരിത്രപരമായ നേട്ടം സംരക്ഷിക്കാനും നിലനിര്‍ത്താനും സംഭാവന നല്‍കാന്‍ സെന്‍ട്രല്‍ ബാങ്ക് താല്‍പ്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Read Also: യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ പകര്‍ത്തിയ മക്ക; ചിത്രം വൈറലാകുന്നു

മന്‍സൂരിയോടുള്ള ആദരസൂചകമായി ഇതാദ്യമായല്ല യുഎഇയില്‍ സുവനീര്‍ പുറത്തിറക്കുന്നത്. മന്‍സൂരി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ട ദിവസം ആറ് പ്രത്യേക സ്റ്റാമ്പുകള്‍ എമിറേറ്റ്‌സ് പോസ്റ്റ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25നാണു മന്‍സൂരി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ടത്.

എട്ടുദിവസം നീണ്ട ബഹിരാകാശനിലയത്തിലെ വാസത്തിനിടെ മന്‍സൂരി 128 തവണ ഭൂമിയെ വലംവച്ചിരുന്നു. ഏകദേശം അഞ്ച് ദശലക്ഷം കിലോമീറ്റര്‍ നീണ്ടതായിരുന്നു ഈ യാത്ര. യുഎയില്‍നിന്നുള്ള മറ്റൊരു ബഹിരാകാശയാത്രികനുവേണ്ടി അധികം കാത്തിരിക്കേണ്ടതില്ലെന്നാണു യാത്രകഴിഞ്ഞ് എത്തിയശേഷം ഹസ അല്‍ മന്‍സൂരി പറഞ്ഞത്. ഈ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു യുഎഇ.

ഇതിന്റെ ഭാഗമായി ‘അഭിലാഷവും ഊര്‍ജവും ദൃഡനിശ്ചയവുമുള്ള’ സ്ത്രീ-പുരുഷന്മാരില്‍നിന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഡിസംബറില്‍ അപേക്ഷ ക്ഷണിച്ചിരുന്നു. രജിസ്‌ട്രേഷന്‍ ആരംഭിച്ച് നാല് മണിക്കൂറിനുള്ളില്‍ ആയിരത്തോളം അപേക്ഷകളാണു ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook