ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ നിയമം കര്‍ശനമാക്കുന്നു. സ്ത്രീകളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിലുള്ള ആംഗ്യങ്ങള്‍, തുറിച്ച് നോട്ടം, ഫോണ്‍ നമ്പര്‍ നല്‍കാന്‍ ശ്രമം, തുടങ്ങിയ കുറ്റങ്ങള്‍ക്ക് യു.എ.ഇയില്‍ ഒരുവര്‍ഷം വരെ തടവും 10,000 ദിര്‍ഹം പിഴയും ലഭിക്കും. വിദേശകളാണ് കുറ്റക്കാരെങ്കില്‍ നാടുകടത്തുകയും ചെയ്യും. ദുബായ് പൊലീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കിയത്.

ബീച്ചുകളിലും റോഡുകളിലും വച്ച്, സ്ത്രീകളെ ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത 19പേരെ യു.എ.ഇയില്‍ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തു. ഇതില്‍ 11പേര്‍ ജുമൈറ ബീച്ചില്‍ നിന്നും, 5പേര്‍ അല്‍ മംസാര്‍, 2 പേര്‍ അല്‍ ഖവനീജ് റോഡുകളില്‍ നിന്നും ഒരാള്‍ കൊമോഴ്‌സ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്നുമാണ് അറസ്റ്റിലായത്. അപരിചതരായ സ്ത്രീകളെ തുറിച്ച് നോക്കുന്നതും, ഗോഷ്ഠി കാണിക്കുന്നതും, സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്നതും, ലൈംഗികച്ചുവയുള്ള ചേഷ്ടകള്‍ കാണിക്കുന്നതും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍പ്പെടുമെന്നും പൊലീസ് അറിയിച്ചു.

‘സുരക്ഷിതരും സംരക്ഷിതരുമായിരിക്കുക എന്നത് എല്ലാ സ്ത്രീകളുടെയും അവകാശമാണെന്ന് ‘, യു.എ.ഇ.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വകുപ്പിന്റെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് പറഞ്ഞു. ‘സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ യു.എ.ഇ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്ന് കയറ്റമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുസ്ഥലങ്ങളിലോ, ജോലി സ്ഥലത്തോ സ്ത്രീകളോട് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ മോശമായി പെരുമാറുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10,000 ദിര്‍ഹം വരെ പിഴയുമാണ് യു.എ.ഇ നിയമവ്യവസ്ഥ അനുസരിച്ചുള്ള ശിക്ഷ. വിദേശികളാണ് കുറ്റവാളികളെങ്കില്‍ നാടുകടത്തണമെന്നും നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഏതെങ്കിലും രീതിയില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ ഉടന്‍ തന്നെ പരാതി നല്‍കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

ബീച്ചുകളിലാണ് പൊതുവെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകാറുള്ളത്. 2018ല്‍ വിവിധ കേസുകളിലായി ദുബായിലെ ബീച്ചുകളില്‍ നിന്ന് 1725പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ 289 പേര്‍ അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്തവരാണ്. 743പേര്‍ ബീച്ചിലെത്തിയവരെ ശല്യപ്പെടുത്തിയതിനാണ് അറസ്റ്റിലായത്. 256 പേരാകട്ടെ ബീച്ചില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വസ്ത്രധാരണ രീതിക്ക് വിപരീതമായി അടിവസ്ത്രം മാത്രമിട്ട് നീന്തിയതിനാണ് പിടിയിലായത്.

പൊതുജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തി യു.എ.ഇയിലെ ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കുന്നുണ്ട്. ഇതിന് പുറമെ സാധ്യമായ സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Read More UAE News Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook