അബുദാബി: യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈല്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
”ആക്രമണത്തില്‍ ആളപായമില്ല. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകള്‍ക്കു പുറത്താണ് വീണത്,” പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രായേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗ് യുഎഇയിലെ സന്ദര്‍ശനത്തിനിടെയാണ് ഹൂതി മിസൈല്‍ ആക്രമണമുണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. യുഎഇയുടെ സുരക്ഷാ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
യെമനിലെ മിസൈല്‍ ലോഞ്ചർ യുഎഇ വ്യോമ പ്രതിരോധ സേനയും കോളിഷന്‍ കമാന്‍ഡും ചേര്‍ന്ന് തകര്‍ത്തതായിപ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഏത് ഭീഷണിയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നു പറഞ്ഞ മന്ത്രാലയം ആക്രമണങ്ങളില്‍നിന്ന് യുഎഇയെ സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഔദ്യോഗിക വാര്‍ത്തകള്‍ മാത്രം പിന്തുടരാന്‍ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
അതിനിടെ, വിമാന ഗതാഗതം സാധാരണ നിലയിലാണെന്നു ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. ”ഹൂതി തീവ്രവാദി മിലിഷ്യ യുഎഇക്കു നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകർത്ത സംഭവം വിമാന സര്‍വിസുകളെയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടില്ല,” ജിസിഎഎ വ്യക്തമാക്കി. വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങള്‍ മാത്രം പിന്തുടരാന്‍ ജിസിഎഎ ജനങ്ങളോട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇയില്‍ ആക്രമണം നടത്തുന്നത്. ജനുവരി 17നായിരുന്നു ആദ്യ ആക്രമണം. ഡ്രോണ്‍ ആക്രമണമെന്നു കരുതുന്ന സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്.
മുസഫയിലെ ഐസിഎഡി 3-ല്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുടെ സംഭരണ ടാങ്കുകള്‍ക്കു സമീപമാണു ആദ്യ സ്‌ഫോടനമുണ്ടായത്. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. മറ്റൊരു സംഭവത്തില്‍ വിമാനത്താവളത്തിന്റെ നിര്‍മാണമേഖലയിലും നേരിയ തീപ്പിടുത്തമുണ്ടായിരുന്നു.
24നായിരുന്നു രണ്ടാമത്തെ ആക്രമണം. തലസ്ഥാനമായ അബുദാബിക്കുനേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ യുഎഇ വ്യോമപ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകളുടെ ശകലങ്ങള്‍ വീഴുകയും ആക്രമണത്തില്‍ ആളപായമൊന്നുമില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ യെമനിലെ അല്‍ ജാഫിലെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചര്‍ തകര്‍ത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read More: യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; ആളപായമില്ല