ദുബായ്: വേനൽക്കാലത്ത് നാട്ടിലേക്ക് പറക്കാം എന്ന മലയാളികളുടെ ആഗ്രഹത്തിനു തടയിട്ടിരിക്കുകയാണ് എയർ ഇന്ത്യ. മാർച്ച് 26നുശേഷം കേരളത്തിലേക്കുള്ള സർവീസുകളാണ് എയർ ഇന്ത്യ വെട്ടിച്ചുരുക്കിയത്. കോഴിക്കോട്, ഗോവ, ഇൻഡോർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വാദം.
എയർ ഇന്ത്യയുടെ ആസ്ഥാനത്തുനിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ് സർവീസുകളിൽ മാറ്റം വരുത്തിയത്. മുംബൈയിലേക്കും ഡൽഹിയിലേക്കും കൂടുതൽ സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ വക്താവ് പി.പി.സിങ് ഖലീജ് ടൈംസിനോട് പറഞ്ഞു.
ഈ വാർത്ത പുറത്തുവന്നതിനുശേഷം, ഇന്ത്യയിലേക്കുള്ള വിമാന സർവീസ് ടിക്കറ്റുകളുടെ നിരക്കിൽ വർധന ഉണ്ടായതായി പ്രാദേശിക ട്രാവൽ ഏജന്റുമാർ പറയുന്നു. ഇത് യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുമെന്നും വീൽചെയറിൽ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യയിലേക്കുള്ള എക വിമാന സർവീസാണ് എയർ ഇന്ത്യയെന്നും ഇതിന്റെ അനന്തരഫലം വലുതായിരിക്കുമെന്നും ഇവർ പറയുന്നു.
ഈ മാസമാദ്യം എയർ ഇന്ത്യയുടെ ദക്ഷിണേന്ത്യയിലേക്കുള്ള ഏക ഡ്രീംലൈനർ സർവീസ് ആയ ദുബായ്-കൊച്ചി വിമാനസർവീസ് പിൻവലിച്ചിരുന്നു. ഡ്രീംലൈനറിനു പകരം ചെറുതും സൗകര്യം കുറഞ്ഞതുമായ എ321 എന്ന വിമാനമാണ് ദുബായ്–കൊച്ചി സെക്ടറിൽ സർവീസ് നടത്തുന്നത്. ഈ ഡ്രീംലൈനർ വിമാനങ്ങൾ മുംബൈയിലേക്കും ഡൽഹിയിലേക്കുമുള്ള സർവീസിനായി വഴിതിരിച്ചു വിട്ടുവെന്ന് സിങ് പറഞ്ഞു.
2022 ജനുവരിയിലാണ് സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന നഷ്ടത്തിലായ എയർ ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറിയത്. അതിനുശേഷം റിട്ടയർമെന്റ് സർവീസ് ഓഫർ ഉൾപ്പെടെയുള്ള പല മാറ്റങ്ങളും എയർ ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുണ്ട്.
അവധിക്കാലം അടുത്തു വരുന്നതിനാൽ മലയാളികളുടെ യാത്രാ ദുരിതത്തിന് നിലവിലെ തീരുമാനം ഇടയാക്കും. എയർ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികൾക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളിൽ പലതും നഷ്ടമാകും.