അബുദാബി: യു എ ഇയില്‍ എമിറേറ്റ്സ് ഐഡിയും വിസയും ലഭിക്കുന്നതിനുള്ള ഫീസ് വര്‍ധിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യുടെ എല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചു.
എമിറേറ്റ്സ് ഐ ഡി, സന്ദര്‍ശക, റസിഡന്‍സി വിസകള്‍ തുടങ്ങി എല്ലാ ഐ സി പി സേവനങ്ങള്‍ക്കും ഫീസ് വര്‍ധന ബാധകമാണെന്നു കസ്റ്റമര്‍ കെയര്‍ ഏജന്റിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 100 ദിര്‍ഹം വീതമാണു കൂടിയത്.
എമിറേറ്റ്സ് ഐ ഡിക്ക് 270 ദിര്‍ഹത്തിനു പകരം ഇനി 370 ദിര്‍ഹം നല്‍കണം. ഒരു മാസത്തെ സന്ദര്‍ശക വിസ ലഭിക്കാന്‍ നേരത്തെ 270 ദിര്‍ഹമായിരുന്നു ഫീസെങ്കില്‍ ഇനി 370 ദിര്‍ഹം നല്‍കണം.
30, 60 ദിവസത്തെ ടൂറിസ്റ്റ് വിസകള്‍ക്കും 100 ദിര്‍ഹം അധിക ഫീസ് നല്‍കണം. അതേസമയം, ദുബായില്‍നിന്ന് അനുവദിച്ച വിസിറ്റ് വിസയില്‍ മാറ്റമുണ്ടായിട്ടില്ലെന്നു ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിസ, റെസിഡന്‍സി സമ്പ്രദായത്തിലെ മാറ്റങ്ങളുടെ തുടര്‍ച്ചയാണു ഫീസ് വര്‍ധന. വിസിറ്റ് വിസയുടെ കാലാവധി ഇനി യു എ ഇയില്‍നിന്നു ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്നതാണു നേരത്തെ വരുത്തിയ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം. വിസ ഉടമകള്‍ മറ്റൊരു രാജ്യത്ത് പോയി പുതിയ വിസയെടുത്ത് വേണം തിരികെയെത്താന്‍.
വിസ കാലവധി കഴിഞ്ഞിട്ടും യു എ ഇയില്‍ തങ്ങുന്നവര്‍ക്കുള്ള പിഴ 50 ദിര്‍ഹമായി ഐ സി പി അടുത്തിടെ ഏകീകരിച്ചിരുന്നു. വിനോദസഞ്ചാര, സന്ദര്‍ശക വിസയുള്ളവര്‍ കാലാവധി കഴിഞ്ഞാല്‍ നേരത്തെ ദിവസം 100 ദിര്‍ഹമാണു പിഴയായി നല്‍കണ്ടേിയിരുന്നത്. ഇത് 50 ദിര്‍ഹം വീതമായി കുറച്ചു. റെസിഡന്‍സി വിസ കാലവധിക്കുശേഷവും തങ്ങുന്നവര്‍ നേരത്തെ 25 ദിര്‍ഹമാണു ദിവസവും നല്‍കേണ്ടിയിരുന്നത്. ഇത് ഇരട്ടിയാക്കി.
ഗോൾഡൻ വിസ, ഗ്രീൻ വിസ, വിസിറ്റ് വിസകളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് അടുത്തിടെ യു എ ഇയിൽ പ്രാബല്യത്തിൽ വന്നത്. അഞ്ചുവർഷ മൾട്ടിപ്പിൾ എൻട്രി വിസയും രാജ്യം പ്രഖ്യാപിച്ചിരുന്നു.