യുഎഇയിൽ പാസ്‌പോർട്ടുകൾക്കും ദേശീയ തിരിച്ചറിയൽ കാർഡുകൾക്കുമായുള്ള പുതിയ ഡിസൈനുകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അബുദാബിയിലെ അൽ വതൻ കൊട്ടാരത്തിൽ ഞായറാഴ്ചയാണ് മന്ത്രിസഭാ യോഗം നടന്നത്.

പുതിയ ഡിസൈൻ കൂടുതൽ സുരക്ഷിതവും പുതിയ സ്മാർട്ട് ഡിജിറ്റൽ സവിശേഷതകളുള്ളതുമാണെന്ന് യുഎഇ സർക്കാർ അറിയിച്ചു. നിലവിലുള്ള പാസ്‌പോർട്ടുകളും ഐഡി കാർഡുകളും ക്രമേണ മാറ്റി പകരം പുതിയത് നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി നയങ്ങളും നിയമനിർമ്മാണങ്ങളും തയ്യാറാക്കുന്നതിനായി സൈബർ സുരക്ഷാ കൗൺസിൽ സ്ഥാപിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.

പ്രകൃതി പരിസ്ഥിതി, വായുവിന്റെ ഗുണനിലവാരം, കാർഷിക, മൃഗ ഉൽപാദനത്തിന്റെ സുസ്ഥിരത, മാലിന്യങ്ങളുടെയും രാസവസ്തുക്കളുടെയും മികച്ച പരിപാലനം എന്നിവയിൽ മുൻഗണനകൾ ഉൾപ്പെടുത്തി യുഎഇയിലെ പരിസ്ഥിതിക്കായി മന്ത്രിസഭ ഒരു പൊതുനയം സ്വീകരിച്ചു.

മാധ്യമ മേഖലയിലെ എല്ലാ വിദഗ്ധരും ഉൾപ്പെടുന്ന ഒരു ദേശീയ മാധ്യമ സംഘം രൂപീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. “എമിറാത്തി മാധ്യമങ്ങളുടെ വികസനത്തിനായി അവരുടെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ലക്ഷ്യം,” എന്ന് ഇത് സംബന്ധിച്ച് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook