ദുബായ്: പ്രവാസികള്‍ക്കായി യു എ ഇ പ്രഖ്യാപിച്ച ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി (ജി പി പി)യെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ സാമ്പത്തിക ആസൂത്രണത്തില്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായിയുടെ ഉടമസ്ഥതയിലുള്ള നാഷണല്‍ ബോണ്ട്സാണു പദ്ധതി പ്രഖ്യാപിച്ചത്.
ജി പി പി നിര്‍ബന്ധിത പദ്ധതിയല്ല. മറിച്ച് ജീവനക്കാര്‍ക്കു സ്വമേധയാ ചേര്‍ന്ന് ലാഭം നേടാവുന്ന സമ്പാദ്യ പദ്ധതിയാണ്. ജി പി പിക്കായി അതതു കമ്പനികള്‍ ആദ്യം സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്. ഓരോ മാസവും എത്ര തുക പദ്ധതിയില്‍ നിക്ഷേപിക്കണമെന്നു കമ്പനികള്‍ക്കു ജീവനക്കാരെ നിര്‍ബന്ധിക്കാനാവില്ല. തു തീരുമാനിക്കേണ്ടതു ജീവനക്കാരാണ്. എന്നാല്‍ ജി പി പിയില്‍ നിക്ഷേപിക്കാന്‍ നാഷണല്‍ ബോണ്ട്‌സ് നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 100 ദിര്‍ഹമാണ്.
ജീവനക്കാര്‍ക്കു സ്ഥാപനം നല്‍കുന്ന ഗ്രാറ്റുവിറ്റിക്കു പുറമേ ജി പി പി നിക്ഷേപം സമ്പാദ്യമാക്കി മാറ്റാം. നിലവില്‍, യു എ ഇ ജനസംഖ്യയുടെ 89 ശതമാനം വരുന്ന പ്രവാസികള്‍ വിരമിക്കല്‍ പദ്ധതിയെന്ന നിലയില്‍ പ്രധാനമായും ആശ്രയിക്കുന്നത് ഗ്രാറ്റുവിറ്റിയെയാണ്. എട്ടു ലക്ഷത്തോളം പ്രവാസികളാണു യു എ ഇയിലുള്ളത്.
ജീവനക്കാര്‍ക്ക് അവരുടെ അവസാന സേവന ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുമ്പോള്‍ ജി പി പിയിലെ നിക്ഷേപവും ലാഭവും വീണ്ടെടുക്കാം. തൊഴിലുടമയുടെ മുന്‍കൂര്‍ അനുവാദത്തോടെ ജോലിയിരിക്കെ തന്നെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാനും കഴിയും. വിരമിച്ചതിനോ ജോലില്‍നിന്നു രാജിവച്ചതിനോ ശേഷവും നിക്ഷേപം തുടരാമെന്ന സൗകര്യവുമുണ്ട്.
ജിപിപിയിലെ ലാഭം മൂന്നു മാസത്തിലൊരിക്കല്‍ നല്‍കും. കമ്പനികളില്‍നിന്ന് ലഭിക്കുന്ന ആദ്യ നിക്ഷേപത്തെ അടിസ്ഥാനമാക്കി ലാഭ വിഹിതവും വിതരണ തീയതിയും നിശ്ചയിക്കും.
പദ്ധതിയില്‍ അംഗമാകുന്നതിലൂടെ റിവാര്‍ഡ് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 35 ദശലക്ഷം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പദ്ധതിയാണു നാഷണല്‍ ബോണ്ട്‌സിന്റേത്. ഓരോ മൂന്ന് മാസത്തിലും രണ്ടു വിജയികള്‍ക്ക് 10 ലക്ഷം ദിര്‍ഹം ഗ്രാന്‍ഡ് പൈസ് വാഗ്ദാനം ചെയ്യുന്നു. വര്‍ഷവും 423,000 ദിര്‍ഹം വരുന്ന സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നത്.
ജി പി പിക്കൊപ്പം കമ്പനികള്‍ക്കു നാഷണല്‍ ബോണ്ടിലെ തങ്ങളുടെ സെന്‍ട്രല്‍ അക്കൗണ്ടില്‍ സമാഹരിച്ച ഗ്രാറ്റുവിറ്റി ഫണ്ട് നിക്ഷേപിക്കാം. ജീവനക്കാര്‍ക്കായി വ്യക്തിഗത അക്കൗണ്ടുകള്‍ തുറക്കാനും അവര്‍ക്കെല്ലാം ഗ്രാറ്റുവിറ്റി അനുവദിക്കാനും കമ്പനികള്‍ക്കു സൗകര്യമുണ്ട്. ജീവനക്കാര്‍ക്കു ഗാറ്റുവിറ്റി, സമ്പാദ്യം, ലാഭം,എന്നിവ നാഷണല്‍ ബോണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തത്സമയം പരിശോധിക്കാനുള്ള സൗകര്യമുണ്ട്.
യു എ ഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. തൊഴിലുടമകളില്‍നിന്നും ജീവനക്കാരില്‍നിന്നുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണു പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നു ശരിഅ മാനദണ്ഡങ്ങള്‍ അനുസൃതമായുള്ള സമ്പാദ്യ, നിക്ഷേപ കമ്പനിയായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് പറഞ്ഞിരിക്കുന്നത്.