scorecardresearch

സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല; അഞ്ചുവര്‍ഷ യു എ ഇ ഗ്രീന്‍ വിസ പ്രാബല്യത്തില്‍

വിവിധ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കു സ്വന്തം സ്പോൺസർഷിപ്പിൽ അഞ്ചു വര്‍ഷ റെസിഡന്‍സി ലഭിക്കും

സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല; അഞ്ചുവര്‍ഷ യു എ ഇ ഗ്രീന്‍ വിസ പ്രാബല്യത്തില്‍

അബുദാബി: സ്പോണ്‍സറോ തൊഴിലുടമയോ ആവശ്യമില്ലാതെ ജോലിയും ബിസിനസും ചെയ്യാന്‍ അവസരം ലഭിക്കുന്ന അഞ്ചുവര്‍ഷ ഗ്രീന്‍ വിസ പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ അപേക്ഷിക്കാം.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും സംരഭകരെയും ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനായി യു എ ഇ നിരവധി വിസ, എന്‍ട്രി പരിഷ്‌കാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണു ഗ്രീന്‍ വിസ. അഞ്ചു വര്‍ഷത്തേക്കുള്ള റസിഡന്റ് വിസ കൂടിയാണു ഗ്രീന്‍ വിസ. വിസ ലഭിക്കുന്നവര്‍ക്കു സ്വയം സ്പോണ്‍സര്‍ ചെയ്യാം.

ഗ്രീന്‍ വിസ ലഭിക്കുന്നതു പ്രവാസികള്‍ക്കു യു എ ഇയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം എളുപ്പമാക്കും. മൂന്ന് വിഭാഗങ്ങളിലായാണു ഗ്രീന്‍ വിസ അനുവദിക്കുക.

വിവിധ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കു സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചു വര്‍ഷ റെസിഡന്‍സി ലഭിക്കും. അപേക്ഷകര്‍ക്കു സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ ലെവലില്‍ ഉള്ളതായിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്. ഏറ്റവും കുറഞ്ഞത് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷകര്‍.

മാനനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് നേടുന്ന ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വിസ അനുവദിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയരുത്. അല്ലെങ്കില്‍ അപേക്ഷകര്‍ക്കു യു എ ഇ താമസക്കാലത്ത് സാമ്പത്തിക ഭദ്രത തെളിവ് സമര്‍പ്പിക്കാന്‍ കഴിയണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗത്യത ഏറ്റവും കുറഞ്ഞത് ബിരുദമോ സ്‌പെഷലൈസ്ഡ് ഡിപ്ലോമയോ ആണ്.

നിക്ഷേപകരെയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കാനോ അതില്‍ പങ്കാളിയാകാനോ ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിഭാഗത്തില്‍ വിസ നല്‍കുന്നത്. ഈ വിഭാഗത്തില്‍ നേരത്തെ രണ്ടു വര്‍ഷത്തെ പെര്‍മിറ്റ് അനുവദിച്ചിരുന്നു. അതിപ്പോള്‍ അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. അപേക്ഷകര്‍ നിക്ഷേപം സംബന്ധിച്ച തെളിവും അംഗീകാരവും സമര്‍പ്പിക്കണം. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ അനുമതി നിര്‍ബന്ധമാണ്. നിക്ഷേപകന് ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍, മൊത്തം നിക്ഷേപിച്ച മൂലധനം കണക്കാക്കും.

ജോലിയില്‍നിന്നു വിരമിച്ചശേഷം യു എ ഇയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്കു വിധേയമായി അഞ്ച് വര്‍ഷ ഗ്രീന്‍ വിസ അനുവദിക്കും.

വിസ ഉടമകള്‍ക്കു 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാം. അവിവാഹിതരായ പെണ്‍മക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിനു പ്രായപരിധിയില്ല. എല്ലാ സാഹചര്യത്തിലും കുടുംബത്തിന്റെ വിസയുടെ സാധുതയും കാലാവധിയും ഗ്രീന്‍വിസ ഉടമയുടെ വിസയുമായി സമന്വയിപ്പിക്കും. വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തശേഷം ആറു മാസം വരെ യു എ ഇയില്‍ താമസിക്കാം.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae five year green visa application from september 5

Best of Express