scorecardresearch
Latest News

സ്‌പോണ്‍സര്‍ വേണ്ട; 5 വര്‍ഷ യു എ ഇ ഗ്രീന്‍ വിസ സെപ്റ്റംബര്‍ മുതല്‍, അറിയേണ്ടതെല്ലാം

സ്വയം സ്‌പോണ്‍സര്‍ ചെയ്യാവുന്ന ഗ്രീൻ വിസ മൂന്ന് വിഭാഗങ്ങളിലായാണ് അനുവദിക്കുക

സ്‌പോണ്‍സര്‍ വേണ്ട; 5 വര്‍ഷ യു എ ഇ ഗ്രീന്‍ വിസ സെപ്റ്റംബര്‍ മുതല്‍, അറിയേണ്ടതെല്ലാം

അബുദാബി: വന്‍ ജനപ്രീതി നേടിയ ഗോള്‍ഡന്‍ വിസയ്ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്കും ശേഷം ഗ്രീന്‍ വിസ പ്രഖ്യാപിച്ചിരിക്കുകയാണ് യു എ ഇ. സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗ്രീന്‍ വിസ അഞ്ചു വര്‍ഷത്തേക്കുള്ള റസിഡന്റ് വിസ കൂടിയാണ്.

സ്‌പോണ്‍സറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവര്‍ഷം വരെ യു എ ഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുമതി നല്‍കുന്നുവെന്നതാണ് ഗ്രീന്‍ വിസയുടെ ഏറ്റവും പ്രധാന ആകര്‍ഷണീയത. വിസ ലഭിക്കുന്നവര്‍ക്കു സ്വയം സ്‌പോണ്‍സര്‍ ചെയ്യാം.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെയും സംരഭകരെയും ഉന്നത വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകര്‍ഷിക്കുന്നതിനായി യു എ ഇ നിരവധി വിസ, എന്‍ട്രി പരിഷ്‌കാരങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണു ഗ്രീന്‍ വിസ.

Also Read
അഞ്ച് വര്‍ഷ വിസിറ്റിങ് വിസയില്‍ യു എ ഇയിലെത്താം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

വിസ ഉടമകള്‍ക്കു 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാം. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനു പ്രായപരിധിയില്ല. എല്ലാ സാഹചര്യത്തിലും കുടുംബത്തിന്റെ വിസയുടെ സാധുതയും കാലാവധിയും ഗ്രീന്‍വിസ ഉടമയുടെ വിസയുമായി സമന്വയിപ്പിക്കും. വിസ റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തശേഷം ആറു മാസം വരെ യു എ ഇയില്‍ താമസിക്കാം.

ഗ്രീന്‍ വിസ ആര്‍ക്കൊക്കെ?

ഗ്രീന്‍ വിസ ലഭിക്കുന്നതു പ്രവാസികള്‍ക്കു യു എ ഇയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം എളുപ്പമാക്കും. മൂന്ന് വിഭാഗങ്ങളിലായാണു ഗ്രീന്‍ വിസ അനുവദിക്കുക.

വിദഗ്‌ധ പ്രൊഫഷണലുകള്‍

വിവിധ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്കു സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചു വര്‍ഷ റെസിഡന്‍സി ലഭിക്കും. അപേക്ഷകര്‍ക്കു സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടാവണം. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന ആദ്യ മൂന്ന് തൊഴില്‍ ലെവലില്‍ ഉള്ളതായിരിക്കണം. ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്. ഏറ്റവും കുറഞ്ഞത് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരായിരിക്കണം അപേക്ഷകര്‍.

ഫ്രീലാന്‍സര്‍മാരും സ്വയം തൊഴില്‍ ചെയ്യുന്നവരും

മാനനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കുന്ന സ്വയം തൊഴില്‍/ഫ്രീലാന്‍സ് പെര്‍മിറ്റ് നേടുന്ന ഫ്രീലാന്‍സര്‍മാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വിസ അനുവദിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വാര്‍ഷിക വരുമാനം 360,000 ദിര്‍ഹത്തില്‍ കുറയരുത്. അല്ലെങ്കില്‍ അപേക്ഷകര്‍ക്കു യു എ ഇ താമസക്കാലത്ത് സാമ്പത്തിക ഭദ്രത തെളിവ് സമര്‍പ്പിക്കാന്‍ കഴിയണം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗത്യത ഏറ്റവും കുറഞ്ഞത് ബിരുദമോ സ്പെഷ്യലൈസ്ഡ് ഡിപ്ലോമയോ ആണ്.

നിക്ഷേപകര്‍ അല്ലെങ്കില്‍ പങ്കാളികള്‍

നിക്ഷേപകരെയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപിക്കാനോ അതില്‍ പങ്കാളിയാകാനോ ആഗ്രഹിക്കുന്നവരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിഭാഗത്തില്‍ വിസ നല്‍കുന്നത്. ഈ വിഭാഗത്തില്‍ നേരത്തെ രണ്ടു വര്‍ഷത്തെ പെര്‍മിറ്റ് അനുവദിച്ചിരുന്നു. അതിപ്പോള്‍ അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്്. അപേക്ഷകര്‍ നിക്ഷേപം സംബന്ധിച്ച തെളിവും അംഗീകാരവും സമര്‍പ്പിക്കണം. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ അനുമതി നിര്‍ബന്ധമാണ്. നിക്ഷേപകന് ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍, മൊത്തം നിക്ഷേപിച്ച മൂലധനം കണക്കാക്കും.

ജോലിയില്‍നിന്നു വിരമിച്ചശേഷം യു എ ഇയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്കു വിധേയമായി അഞ്ച് വര്‍ഷ ഗ്രീന്‍ വിസ അനുവദിക്കും.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae five year green visa all you want to know