യുഎഇയിൽ രാജ്യത്തെ ആദ്യ ഡ്രൈവർലെസ് ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്തു. ഖലീഫ യൂണിവേഴ്സിറ്റിയുടെ സാസ് അൽ നഖ്ൽ കാമ്പസിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും കൊണ്ടുപോകുന്നതിനുള്ള 12 സീറ്റുള്ള ഡ്രൈവർലെസ് ഇലക്ട്രിക് വാഹനമാണ് ലോഞ്ച് ചെയ്തത്. അബുദാബി എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാനാണ് വാഹനത്തിന്റെ ലോഞ്ചിങ് നടത്തിയത്.
ഡ്രൈവറില്ലാത്തതും 100 ശതമാനം ഇലക്ട്രികുമായ വാഹനം മറ്റ് കാറുകളുമൊത്ത് റോഡിൽ ഓടിക്കാൻ കഴിയും. യുഎഇയിൽ ‘മിക്സഡ് ട്രാഫിക് മോഡിൽ’ വിന്യസിച്ച ആദ്യത്തെ ഡ്രൈവർ രഹിത വാഹനങ്ങളിലൊന്നാണ് ഇത്.
യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി(ടിഡിആർഎ), ഖലീഫ യൂണിവേഴ്സിറ്റി, എത്തിസലാത്ത്, ബിടി (യുകെ) എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് സ്ഥാപിച്ച എമിറേറ്റ്സ് ഐസിടി ഇന്നൊവേഷൻ സെന്ററിനായി (ഇബിടിഐസി) 170 മില്യൺ ദിർഹത്തിന്റെ പ്രവർത്തന കരാറിൽ ഒപ്പുവെക്കുന്നതിലും അൽ നഹ്യാൻ പങ്കെടുത്തു.
ഖലീഫ യൂണിവേഴ്സിറ്റിയുടെയുടെ റോബോട്ടിക്സിനും സ്വയം നിയന്ത്രിത വാഹനങ്ങളുടെ ഗവേഷണത്തിനുമുള്ള കെയു-കാർസ് ആണ് ഈ വാഹനം വികസിപ്പിച്ചത്. 50-ഓളം ഗവേഷകരും അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളും കെയു-കാർസിലുണ്ട്.
“വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിനും അബുദാബിയെ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ലോക കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള അബുദാബിയുടെ വിഷൻ 2030 ലക്ഷ്യങ്ങളിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയാണ് കാമ്പസിലെ പുതിയ വാഹനം പ്രതിഫലിപ്പിക്കുന്നത്. . യുഎഇയിലെ ഒരു പ്രാദേശിക സർവ്വകലാശാലയുടെ ഇത്തരമൊരു നേട്ടത്തിൽ അഭിമാനിക്കുന്നു. പ്രശംസനീയമായ ജോലി ചെയ്ത അധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥി എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ,”ഷെയ്ഖ് ഹമ്മദ് പറഞ്ഞു.
ലോഞ്ചിന് ശേഷം, എസ്എഎൻ കാമ്പസിനുള്ളിലെ വിവിധ കെട്ടിടങ്ങൾക്കിടയ് സമീപത്തുകൂടെ ഡ്രൈവറില്ലാത്ത എവിയിൽ ഷെയ്ഖ് ഹമദ് യാത്ര ചെയ്തു.