scorecardresearch

നന്തി നാസർ: നന്ദി പ്രയോഗവത്കരിച്ച മനുഷ്യസ്നേഹി

ഇന്നലെ ദുബായില്‍ അന്തരിച്ച നന്തി നാസറിന്റെ ഖബറടക്കം സ്വദേശമായ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത നന്തിയില്‍ ഇന്നുച്ചയ്ക്കു നടന്നു

നന്തി നാസർ: നന്ദി പ്രയോഗവത്കരിച്ച മനുഷ്യസ്നേഹി

ചിലരങ്ങനെയാണ്…
ഒരു പൂ കൊഴിയുന്ന പോലെ നിശബ്ദം അരങ്ങൊഴിയും. ഒരു പരിഭവം പോലും പറയാതെ…ആ മുഖത്തെ ചിരി നിറയെ സ്‌നേഹവും കരുതലും ആയിരുന്നു. മരുഭൂമിയിലെ ചൂട്ടുവെളിച്ചമായിരുന്നു ആ വില്ലയില്‍നിന്ന് തിളങ്ങിയിരുന്നത്.

ശ്രീനാരായണ ഗുരുവിന്റെ രൂപസാദൃശ്യത്തില്‍ ഒരാള്‍. ഒരിക്കല്‍ പരിചയപ്പെട്ട ഒരാള്‍ക്കും അദ്ദേഹത്തെ മറക്കാനാവില്ല. സംസാരം തുടങ്ങിയാല്‍ ആ മുഖത്തുനിന്ന് കണ്ണെടുക്കാനേ തോന്നില്ല. ആ വ്യക്തിത്വത്തിന്റെ സ്വഭാവ വിശേഷങ്ങളറിഞ്ഞാലോ? പിന്നെ പറയുകയും വേണ്ട. അത്രയ്ക്കു വശ്യമായിരുന്നു ഇന്നലെ ദുബായില്‍ അന്തരിച്ച നന്തി നാസര്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്റെ ജീവിതം.

‘നന്തി ഗ്രാമം’ എന്നാണു ദുബായിലെ തന്റെ വില്ലയ്ക്കു നന്തി നാസര്‍ നല്‍കിയ പേര്. എല്ലാ അര്‍ഥത്തിലും സാര്‍ഥകമായിരുന്നു ആ പേര്. കാരുണ്യ പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പൊതുപരിപാടികളും അതിഥി സല്‍ക്കാരങ്ങളും മെഹ്ഫിലുകളുമെല്ലാം പിശുക്കില്ലാതെ പെയ്തിറങ്ങിയ ഒരു വിശാല ഇടം. ഈ വില്ലയിലെന്നും സന്ദര്‍ശക പ്രവാഹമായിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ കീറാമുട്ടി കാര്യങ്ങളുടെ നിവൃത്തിക്കായി ദുബായ് ഹോര്‍ലന്‍സിലെ ‘നന്തി ഗ്രാമം’ ഉറങ്ങാതിരുന്നു. മരുഭൂമിയില്‍ മലയാളത്തിന്റെ സുഗന്ധം പരത്തുകയായിരുന്നു ഈ വീട്.

ഒട്ടേറെ പ്രവാസികളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അറുതിവരുത്താന്‍ എന്നും രാപ്പകല്‍ ഭേദമില്ലാതെ ഓടിനടക്കുകയായിരുന്നു വിനയത്തിന്റെയും നിസ്വാര്‍ഥതയുടെയും ജീവിക്കുന്ന ആള്‍രൂപമായ നന്തി നാസര്‍. പലതും തനിയെ നിവര്‍ത്തിച്ചുകൊടുത്തു. സ്വന്തമായി പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ മറ്റുള്ളവരിലേക്ക് തത്സമയം കൈമാറുകയും പ്രയാസം ദുരീകരിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ തിരക്കിനിടയിലും ആ മനസില്‍ നിറയെ കഥയും കവിതയും സാഹിത്യവുമായിരുന്നു.

കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ധരിച്ചിരുന്ന തൂവെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ പോലെ ജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിവിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ കാരുണ്യം, സഹിഷ്ണുത, മാനുഷികമൂല്യങ്ങള്‍ തുടങ്ങിയ സദ്ഗുണങ്ങളൊന്നും ഒരിക്കലും മറക്കാനാവില്ല.

പ്രവാസികളുടെ വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ നാസറിന്റെ ജനകീയ കോടതിയില്‍ പരിഹാരമുണ്ടാവാത്ത ഒരു പ്രശ്‌നവുമില്ല. എല്ലാവര്‍ക്കും എല്ലാ അര്‍ഥത്തിലും ഒരുപോലെ അത്താണിയായ മനുഷ്യസ്‌നേഹി. ഒരു നിമിഷനേരം കൊണ്ട് ഒന്നുമല്ലാതായിത്തീരുന്ന മനുഷ്യജീവിതത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും സാഹോദര്യത്തെപ്പറ്റിയുമെല്ലാം വാതോരാതെ സംസാരിക്കുമായിരുന്നു നന്തി നാസര്‍. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ജീവിതത്തില്‍ അവസാനമായി അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മരണത്തിന് മുമ്പ് ഓരോ മനുഷ്യനും അടയാളപ്പെടുത്തേണ്ട പ്രധാനപ്പെട്ട ജീവിത ലക്ഷ്യമാണ് അതിലെ പ്രതിപാദ്യ വിഷയം.

യുഎഇയിലെയും മറ്റു ചില രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായുമൊക്കെ നല്ല അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനു കാരണം, നന്തി നാസര്‍ ഇടപെട്ടിരുന്നത് മലയാളികളുടെ മാത്രം പ്രശ്‌നങ്ങളിലായിരുന്നില്ല എന്നതാണ്. തന്റെയരികില്‍ പ്രശ്‌നപരിഹാരത്തിന് എത്തുന്ന ഏത് രാജ്യക്കാരന്റെയും ഏത് ദേശക്കാരന്റെയുംവിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. അതെല്ലാമാവട്ടെ പൂര്‍ണമായും സത്യത്തിന്റെയും ന്യായത്തിന്റെയും വഴിയില്‍ മാത്രമായിരുന്നു. അതെ, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജീവിതം നയിച്ച മലയാളി പ്രവാസിയായിരുന്നു നന്തി നാസര്‍.

നാസര്‍ക്ക മുംബൈയില്‍ ട്രാവല്‍ ഏജന്‍സി രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷമാണു ദുബൈയിലെത്തിയത്. തുടര്‍ന്ന് യുഎഇയിലെ സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ വ്യവസായ മേഖലയില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ലേബര്‍ ക്യാമ്പുകളിലും മരുഭൂമിയിലെ ഇടയര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും തുടങ്ങി ചെറിയ ചെറിയ ജോലികളില്‍ തുച്ഛമായ ശമ്പളത്തില്‍ ജീവിക്കുന്നവര്‍ക്കും സഹായമെത്തിക്കാനായിരുന്നു കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. പലരാല്‍ വഞ്ചിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാനും ട്രാവല്‍ ഏജന്‍സികളുടെ ചൂഷണത്തിനു വിധേയരായവരെ രക്ഷപ്പെടുത്താനുമെല്ലാം അദ്ദേഹം മുന്നിട്ടിറങ്ങി. നിരവധി പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നാസര്‍ക്കയുടെ ഇടപെടല്‍ സഹായകരമായി.

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചും റമദാനിലും ദുബായ് പൊലീസ് നടത്തിയ ഗിന്നസ് യജ്ഞങ്ങളുടെ മുഖ്യ സഹകാരിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ദുബായിലെ പിആര്‍ഒ കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. സാന്നിധ്യമറിയിച്ച രംഗങ്ങളിലെല്ലാം വളരെ സൗമ്യനായി നടന്നുനീങ്ങുകയും തന്റെ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്തു. ദീര്‍ഘകാലം കര്‍മഭൂമികയായി തെരഞ്ഞെടുത്ത ദുബായില്‍നിന്നു തന്നെ അന്ത്യശ്വാസം വലിച്ചത് ഒരു നിയോഗമാകാം.

അതെ … ഓരോരുത്തരായി കളമൊഴിയുകയാണ്, നന്ദിയോടെ ജീവിച്ച നന്തി നാസര്‍ക്ക ഇനി ഓര്‍മകളില്‍ …

ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലില്‍ ഞായറാഴ്ചയായിരുന്നു നന്തി നാസറിന്റെ അന്ത്യം. കോഴിക്കോട് കൊയിലാണ്ടി നന്തിബസാറില്‍ മുസ്‌ലിയാര്‍കണ്ടി കുടുംബാംഗമാണ്. ഭാര്യ: നസീമ. മക്കള്‍ സന, ഷിബില (അമേരിക്ക), ഷാദ് (ബഹ്‌റൈന്‍). ഖബറടക്കം സ്വദേശമായ നന്തിയില്‍ ഇന്നുച്ചയ്ക്കു നടന്നു.

Stay updated with the latest news headlines and all the latest Overseas news download Indian Express Malayalam App.

Web Title: Uae expats remember indian social worker nandi nasars valuable contribution dubai

Best of Express