അബുദാബി: യു എ ഇയുടെ ദേശീയ റെയില്‍ പദ്ധതിയായ ഇത്തിഹാദിന്റെ നിര്‍മാണം അതിവേഗം നിര്‍മാണം പുരോഗമിക്കുകയാണ്. 2024ല്‍ യാത്രാ സര്‍വീസ് തുടങ്ങാന്‍ ലക്ഷ്യംവച്ചാണു പാതയുടെ നിര്‍മാണം.
നിര്‍മാണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഇത്തിഹാദ് ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വെള്ളിയാഴ്ച പങ്കുവച്ച പാതയുടെ വ്യോമദൃശ്യം ഏറെ പേരെ ആകര്‍ഷിച്ചിരിക്കുകയാണ്. ഫുജൈറ എമിറേറ്റില്‍നിന്നുള്ളതാണ് ഈ ചിത്രം ഹജര്‍ പര്‍വതനിരകളിലൂടെ പാത കടന്നുപോകുന്ന മനോഹരദൃശ്യമാണു ചിത്രത്തിലുള്ളത്.
ഫുജൈറ എമിറേറ്റിലെ ഹജര്‍ പര്‍വതനിരകളിലൂടെ കടന്നുപോകുന്ന പാത ഷാര്‍ജയുടെ അതിര്‍ത്തികളെ ബന്ധിപ്പിച്ചുകൊണ്ട് 145 കിലോമീറ്ററോളം നീളുന്നതായി ചിത്രം പങ്കുവച്ചുകൊണ്ട് ഔദ്യോഗിക പേജില്‍ ഇത്തിഹാദ് ട്വീറ്റ് ചെയ്തു. ‘ഈ ആഴ്ചത്തെ ചിത്രം’ എന്നു പറഞ്ഞുകൊണ്ടാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
ഫുജൈറയിലൂടെ റാസല്‍ഖൈമ വരെ സഞ്ചരിക്കുന്ന പാത മറ്റ് എമിറേറ്റുകളിലേക്ക് മനോഹരമായ മലനിരകളുള്ള അതുല്യമായ ഭൂപ്രകൃതിയിലുടനീളം സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗം പ്രദാനം ചെയ്യുന്നുവെന്നു മറ്റൊരു ട്വീറ്റില്‍ പറയുന്നു.
യു ഇ എയിലുടനീളം വേഗതയേറിയതും കുറഞ്ഞ ചെലവിലുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ ഗതാഗത മാര്‍ഗം അവതരിപ്പിക്കുന്നുവെന്നാണ് എത്തിഹാദ് സ്വയം വിശേഷിപ്പിക്കുന്നത്. 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണു പാതയുടെ നിര്‍മാണം.
പാതയുടെ എഴുപത് ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായതായാണ് ഇത്തിഹാദ് പറയുന്നത്. ഖലീഫ തുറമുഖവും പാതാ ശൃംഖലയും തമ്മിലുള്ള ബന്ധം യു എ ഇയിലെ ആദ്യ റെയില്‍ മറൈന്‍ ബ്രിഡ്ജ് വഴി സ്ഥാപിച്ചതായി ജൂലൈ 14ന് ഇത്തിഹാദ് അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ നിര്‍മാണ ദൃശ്യങ്ങള്‍ ഫുജൈറയില്‍നിന്ന് നേരത്തെ പുറത്തുവിട്ടിരുന്നു.
പടിഞ്ഞാറ് സൗദിയുമായുള്ള അതിര്‍ത്തിയായ ഗുവൈഫാത്ത് മുതല്‍ കിഴക്ക് ഒമാന്‍ വരെ നീളുന്നതാണ് 1,200 കിലോമീറ്റര്‍ പാതയാണ് ഒരുങ്ങുന്നത്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ യു എ ഇയിലെ വിവിധ മേഖലകള്‍ തമ്മിലുള്ള സമയദൈര്‍ഘ്യം വന്‍തോതില്‍ കുറയും. അബുദാബിയില്‍നിന്ന് ഫുജൈറയിലെത്താന്‍ 100 മിനിറ്റ് മതിയാകും. അബുദാബിയില്‍നിന്നു ദുബായിലേക്കും ദുബായില്‍നിന്നു ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റ് വീതമേ വേണ്ടി വരൂ. ഇത്തിഹാദ് ജി സി സി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാ സമയവും കുറയും.
മണിക്കൂറില്‍ 200 കിലോമീറ്ററാണ് 400 പേര്‍ക്കു യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ വേഗം. യൂറോപ്യന്‍ നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളില്‍ വിനോദം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍ എന്നിവ നല്‍കി അസാധാരണമായ യാത്രാനുഭവം പകരനാണ് ഇത്തിഹാദ് ഒരുങ്ങുന്നത്. 2030 ഓടെ പ്രതിവര്‍ഷം 36 ദശലക്ഷത്തിലധികം പേര്‍ക്കു സേവനം ഉപയോഗിക്കാനാകുമെന്നാണ് ഇത്തിഹാദ് പറയുന്നത്. ചരക്ക് ഗതാഗതം സുഗമമാക്കാനും ഇത്തിഹാദ് ലക്ഷ്യമിടുന്നുണ്ട്.