ദുബായ്: യു എ ഇയില്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യം നടപ്പാക്കാത്ത സ്വകാര്യ കമ്പനികള്‍ക്കു ജനുവരി ഒന്നു മുതല്‍ പിഴ ചുമത്തും. അന്‍പതോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിലെ വിദഗ്ധജോലികളില്‍ സ്വദേശികളുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചു.
അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യകമ്പനികള്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം വീതമാണു സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. നിലവില്‍ 50 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു സ്വദേശി നിയമനം നടത്തത്തേണ്ടത്. ഇത്തരത്തില്‍ 2026 ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി ഉയര്‍ത്തും. വര്‍ഷത്തില്‍ 12,000 സ്വദേശികള്‍ക്കു ജോലി ലഭ്യമാക്കുകയാണു ലക്ഷ്യം.
സ്വദേശിവല്‍ക്കരണം നടത്താത്ത കമ്പനികള്‍ക്കു ജനുവരി ഒന്നു മുതല്‍ പിഴ ചുമത്തുമെന്നു മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഓരോ സ്വദേശി ജീവനക്കാരനും മാസം 6,000 ദിര്‍ഹം എന്ന നിരക്കില്‍ വര്‍ഷം 72,000 ദിര്‍ഹമാണു കമ്പനികള്‍ പിഴയായി നല്‍കേണ്ടി വരിക. കമ്പനിയിലെ ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴത്തുക വര്‍ധിക്കും. 2026 വരെ പ്രതിമാസ പിഴത്തുക മൂല്യം പ്രതിവര്‍ഷം 1000 ദിര്‍ഹം എന്ന നിരക്കില്‍ ക്രമാനുഗതമായി വര്‍ധിക്കും.
നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. അെതേസമയം, വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചശേഷവും ലഭിച്ച ജോലിയില്‍ പ്രവേശിക്കാത്ത സ്വദേശി ജീവനക്കാര്‍ 20,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കു വമ്പന്‍ ആനുകൂല്യമാണു മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നിരട്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങഴിലെ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3750 ദിര്‍ഹത്തില്‍നിന്ന് 250 ആയി കുറച്ചു. രണ്ടിരട്ടി സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 1200 ദിര്‍ഹം വീതം നല്‍കിയാല്‍ മതി.
”യു എ ഇയുടെ വികസന പ്രക്രിയയില്‍ സ്വകാര്യമേഖലയുടെ ഫലപ്രദമായ പങ്കാളിത്തം കൈവരിക്കാനാണു ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിലെ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതു രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരക്ഷമത, ആകര്‍ഷണം, സ്ഥിരത എന്നിവയില്‍ ഗുണപരമായ സ്വാധീനം ചെലുത്തും,”മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.