ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കോവി‍ഡ്-19 വാക്സ‌ിൻ സ്വീകരിച്ചു. യുഎഇ പതാക ദിനത്തിലാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. എല്ലാവർക്കും സുരക്ഷയും മികച്ച ആരോഗ്യവും നേരുന്നുവെന്ന് വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് അദ്ദേഹം കുറിച്ചു.

“ഇന്ന് കോവിഡ്-19 വാക്സിൻ സ്വീകരിക്കുമ്പോൾ. എല്ലാവർക്കും സുരക്ഷയും മികച്ച ആരോഗ്യവും ഞങ്ങൾ നേരുന്നു. കൂടാതെ യു‌എഇയിൽ‌ വാക്സിൻ‌ ലഭ്യമാക്കുന്നതിന്‌ അശ്രാന്തമായി പരിശ്രമിച്ച ഞങ്ങളുടെ ടീമുകളെക്കുറിച്ച് ഞങ്ങൾ‌ അഭിമാനിക്കുന്നു. യുഎഇയിൽ എല്ലായ്പ്പോഴും ഭാവി മികച്ചതായിരിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു

ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിക്കുന്ന വാക്സിനാണ് യുഎഇയിൽ ക്ലിനിക്കൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടങ്ങളിലുള്ളത്. മലയാളികളടക്കം നിരവധിപേർ ഇതിനകം വാക്സിൻ സ്വീകരിച്ചിരുന്നു.

യുഎഇ പതാകദിനം രാജ്യത്തെ കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് സമർപിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

“മഹാമാരിയുടെ ആഘാതം ലഘൂകരിക്കാൻ രാജ്യത്തെ സഹായിച്ച ദാനത്തിന്റെയും സഹകരണത്തിന്റെയും മനോഭാവവും സമൂഹം പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യവും ആഘോഷിക്കാനുള്ള അവസരമാണ് ഈ വർഷത്തെ പതാക ദിനം. കോവിഡ് -19 നെതിരായ പോരാട്ടത്തിന്റെ മുൻ‌നിരയിലുള്ളവർക്ക് ഞങ്ങൾ നന്ദിയർപ്പിക്കുന്നു,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook