ദുബായ്: ഈദ് അൽ ഫിത്തർ ആഘോഷങ്ങളോടനുബന്ധിച്ച് ദുബായ് പൊലീസ് സുരക്ഷാ പട്രോളിങ് ശക്തമാക്കും. വിവിധ പ്രദേശങ്ങളിലുള്ള ഗതാഗതവും താമസക്കാരുടെ സുരക്ഷയും നിയന്ത്രിക്കുന്നതിനായാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
412 പട്രോളിങ് , 29 സൈക്കിളുകൾ, 3,200 പൊലീസ് ഉദ്യോഗസ്ഥർ, 62 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 122 ആംബുലൻസുകൾ, 442 പാരാമെഡിക്കുകൾ എന്നിവ ഇതിനായി നിലയുറപ്പിച്ചിട്ടുണ്ട്. മാർക്കറ്റുകളിലും പരിസരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും 60 ട്രാഫിക് സർജൻമാരും 650 സന്നദ്ധപ്രവർത്തകരും സ്വകാര്യ കമ്പനികളിൽ നിന്നുള്ള 2,400 സുരക്ഷാ ഉദ്യോഗസ്ഥരും വിന്യസിച്ചിട്ടുണ്ട്.
കടൽത്തീരത്ത് യാത്ര ചെയ്യുന്നവർക്കു വേണ്ടി ഒമ്പത് മറൈൻ ബോട്ടുകളും 165 ലൈഫ് ഗാർഡുകളും 24 മണിക്കൂറും സജ്ജരായിരിക്കുമെന്നും പൊലീസ് അറിയിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും പള്ളികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ സുരക്ഷിതമാക്കുന്നതിനുമായി സേന സംയോജിത കർമപദ്ധതി വികസിപ്പിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (ആർടിഎ) ചേർന്ന് റോഡ് തിരക്ക് കുറയ്ക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ദുബായ് പൊലീസ് ഒരുമിച്ച് പ്രവർത്തിക്കും. അവധി ദിവസങ്ങളിൽ റോഡപകടങ്ങൾ തടയാൻ അമിതവേഗത ഒഴിവാക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.