ദുബായ്: മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്ന് തുടങ്ങുന്നു. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് ഒരുക്കിയത്. യുഎഇ അടുത്തകാലത്തായി നടത്തിവരുന്ന വീസ നിയമപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പൊതുമാപ്പ്.

ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. ആര്‍ക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍വരുന്നത്. അവസാനമായി 2012-ല്‍ 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. അന്ന് രണ്ടുമാസമായിരുന്നു പൊതുമാപ്പിന്റെ കാലാവധി.

അതേസമയം, ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍കാലങ്ങളിലേതിനെക്കാള്‍ കുറവായിരിക്കുമെന്നാണ് യുഎഇയുടെ കണക്ക് കൂട്ടല്‍.

നേരത്തെ യുഎഇയില്‍ പൊതുമാപ്പില്‍ അവിടെ നിന്നും മടങ്ങുന്ന മലയാളികളെ സര്‍ക്കാര്‍ സൗജന്യമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് കാലാവധി.

പൊതുമാപ്പില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാനായി യുഎഇയില്‍ കേരള സർക്കാർ  ഒമ്പത് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. നോര്‍ക്ക റൂട്ട്‌സ് ആയിരിക്കും പ്രവാസികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സുരക്ഷിതവും സൗജന്യവുമായി പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ കൊണ്ടുവരും. ആദ്യ ബാച്ചിലുളളവരെ ഓഗസ്റ്റ് മധ്യത്തോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിലെ പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണെന്നാണ് സിഡിഎസ്സിലെ എസ്.ഇരുദയരാജന്റെ പഠനം പറയുന്നത്. 2014 ലെ ഈ പഠന പ്രകാരം കേരളത്തില്‍ നിന്നുളള പ്രവാസികളില്‍ 23.63 ലക്ഷം പേര്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ്. ഇതിലെ 38.7 ശതമാനം പേരും യുഎഇയിലാണ്. ഇതിന് പിന്നില്‍ 25.2 ശതമാനം പേരുളള സൗദി അറേബ്യയിലാണ്.

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പലകാരണങ്ങളാല്‍ മതിയായ രേഖകളില്ലാതെ കാലങ്ങളായി അവിടെ കഴിയുന്നവര്‍ക്ക് ഉള്‍പ്പടെ പ്രയോജനകരമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook