അബുദാബി: ഇലക്‌ട്രോണിക് തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ച് യു എ ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. സൈബര്‍ സുരക്ഷാ ശ്രമങ്ങളില്‍ പങ്കാളികളാകാനും ഡിജിറ്റല്‍ അവബോധം വര്‍ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി സൈബര്‍ പള്‍സ് സംരംഭം യു എ ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ആരംഭിച്ചു.
വിവിധ തരത്തിലുള്ള ഫിഷിങ് ആക്രമണങ്ങളെ ചെറുക്കേണ്ടതിന്റെയും സംശയാസ്പദമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമൂഹത്തിന്റെ അവബോധം വളര്‍ത്തുന്നതിന്റെയും പ്രാധാന്യം കൗണ്‍സില്‍ എടുത്തുപറയുന്നു.
വിശ്വസനീയമല്ലാത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലോ വെബ്സൈറ്റുകളിലോ സ്വകാര്യ കോണ്‍ടാക്റ്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എപ്പോഴും ശ്രദ്ധാലുവായിരിക്കണം. ടെക്സ്റ്റ് മെസേജ് അയയ്ക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത ഡേറ്റയുടെ ബാക്കപ്പ് കോപ്പികള്‍ സൂക്ഷിക്കുക, സ്മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുക, ഫോണ്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പിന്തുടരുക. നിര്‍മ്മാതാക്കള്‍ ഒഴികെയുള്ള അജ്ഞാത ഉറവിടങ്ങളില്‍നിന്ന് അപ്ലിക്കേഷനുകളൊന്നും ഡൗണ്‍ലോഡ് ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തണം.
ഇ-തട്ടിപ്പിനിരയായവര്‍ ഭീഷണിക്കു വഴങ്ങാതിരിക്കേണ്ടതും ഉടനടി ഔദ്യോഗിക അധികാരികളെ അറിയിക്കേണ്ടതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോണ്‍ ബാറ്ററി ചാര്‍ജ് കുറയല്‍, പ്രോസസിംഗ് വേഗത കുറവുള്ള അസാധാരണ നിരക്കിലുള്ള ഉപഭോഗം, കോണ്‍ടാക്റ്റുകള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുന്നതോ അധിക ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ പോലുള്ള അനധികൃത ഓട്ടോമേറ്റഡ് ജോലികള്‍, പെര്‍ഫോമന്‍സ് ഡ്രെയിനിങ് ആപ്പുകള്‍ ഉപയോഗിക്കാതെ ഫോണിന്റെ താപനിലയില്‍ വര്‍ധനവ് എന്നിവ ഇ-തട്ടിപ്പിന് ഇരയാകുന്നതിന്റെ സൂചനകളാണെന്നു സൈബര്‍ സുരക്ഷാ കൗണ്‍സില്‍ തലവന്‍ ഡോ. മുഹമ്മദ് ഹമദ് അല്‍-കുവൈത്തി പറഞ്ഞു.
അബുദാബി പൊലീസ് (എ ഡി പി)യുടെ ടോള്‍ ഫ്രീ നമ്പറായ 8002626, അല്ലെങ്കില്‍ എസ്എംഎസ് വഴി 2828, ദുബായ് പൊലീസ് ഇക്രിം പ്ലാറ്റ്ഫോം, അല്‍ അമീന്‍ സര്‍വീസ്, പ്രാദേശിക നമ്പറായ 8004888 എന്നിവയില്‍ അധികൃതരെ ബന്ധപ്പെടാം. അന്താരാഷ്ട്ര കോളുകള്‍ വിളിക്കുമ്പോള്‍ +9718004888. അല്ലെങ്കില്‍ 4444 എന്ന നമ്പറില്‍ എസ് എം എസ് വഴി.
2018 ജൂണില്‍ യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍ ആരംഭിച്ച ‘മൈ സേഫ് സൊസൈറ്റി’ സ്മാര്‍ട്ട് ആപ്പ് ഉപയോഗിക്കുകയും ആവാം. സഹായത്തിനായി അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ 999 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം. ഷാര്‍ജ പൊലീസിന്റെ നജീദ് സേവന പ്രകാരം 800151 എന്ന നമ്പറിലോ 7999 എന്ന നമ്പറില്‍ എസ് എം എസ് വഴിയോ ബന്ധപ്പെടാം.